കാല്‍മുട്ടിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ സഞ്ജു കളിച്ചേക്കില്ല

New Update

publive-image

പൂനെ: നാളെ ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തിനൊപ്പം സഞ്ജു ഉണ്ടായിരുന്നില്ല. സ്‌കാനിംഗിനായി താരം മുംബൈയില്‍ തുടരുകയായിരുന്നു.

Advertisment

ആദ്യ ടി20യില്‍ പഥും നിസങ്കയെ ക്യാച്ചെടുത്ത് ഔട്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ഡൈവിംഗിനിടെയാണ് പരിക്കേറ്റത്. എന്നാല്‍ പിന്നീട് സഞ്ജു ഫീല്‍ഡിംഗ് തുടരുകയും, രണ്ട് ക്യാച്ച് എടുക്കുകയും ചെയ്തു. തുടര്‍ന്ന്‌ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സ്ലൈഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പരിക്കേറ്റു. മത്സരത്തിന് ശേഷം കാലില്‍ നീര് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യസഹായം തേടുകയായിരുന്നു.

രണ്ടാം ടി20യില്‍ സഞ്ജുവിന്റെ സാന്നിധ്യം സംശയകരമാണെന്ന് ബിസിസിഐ വൃത്തങ്ങളും സൂചിപ്പിച്ചു. സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ. സഞ്ജു കളിച്ചില്ലെങ്കില്‍ പകരം രാഹുല്‍ ത്രിപാഠിയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തും.

പരിക്കിനെ തുടര്‍ന്ന് ആദ്യ ടി20 നഷ്ടമായ അര്‍ഷ്ദീപ് സിംഗ് രണ്ടാമത്തെ മത്സരത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. അര്‍ഷ്ദീപിന് പകരം ടീമിലെത്തിയ ശിവം മാവി നാലു വിക്കറ്റ് എടുത്ത് ടീമിലെ സ്ഥാനം ഉറപ്പിച്ച പശ്ചാത്തലത്തില്‍ ഹര്‍ഷല്‍ പട്ടേലിനെ രണ്ടാം മത്സരത്തില്‍ ഒഴിവാക്കിയേക്കും.

Advertisment