/sathyam/media/post_attachments/8UGm0yRaDWEo9UGyJA64.jpg)
ഭുവനേശ്വര്‍: ജനുവരി 13 മുതല്‍ 29 വരെ നടക്കുന്ന പുരുഷ ലോകകപ്പ് ഹോക്കിക് ആതിഥ്യമരുളാനുള്ള തയ്യാറെടുപ്പിലാണ് ഒഡീഷ. ലോകകപ്പിന് മുന്നോടിയായി തലസ്ഥാന നഗരമായ ഭുവനേശ്വറിനെ മനോഹരമാക്കാന്‍ വിവിധ തന്ത്രപ്രധാന സ്ഥലങ്ങളിലും ജംഗ്ഷനുകളിലും സ്ഥാപിക്കാൻ 35 ഓളം ശിൽപങ്ങളാണ് ഭരണകൂടം തയ്യാറാക്കിയത്.
ഒഡീഷയുടെ കലയും സംസ്‌കാരവും പ്രദർശിപ്പിക്കുന്ന ശിൽപങ്ങൾ കല്ലും സ്‌ക്രാപ്പും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ലളിതകലാ അക്കാദമിയുമായി ചേർന്നാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള 50 ശിൽപികൾ മാസങ്ങളോളം അധ്വാനിച്ചാണ് ഈ ശിൽപങ്ങൾ നിർമ്മിച്ചത്.
വ്യത്യസ്ത തീമുകൾ ഉപയോഗിച്ചാണ് ശിൽപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. അവയിൽ ചിലത് ഹോക്കി ലോകകപ്പ് പ്രമേയമാക്കുമ്പോൾ മറ്റു ചിലത് സംസ്ഥാനത്തിന്റെ സമ്പന്നമായ കല, സംസ്കാരം, പാരമ്പര്യം, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ചിത്രീകരിക്കുന്നു. ഒന്നോ രണ്ടോ ദിവസത്തിനകം ശിൽപങ്ങൾ സ്ഥാപിക്കുമെന്ന് ബിഎംസി മേയർ സുലോചന ദാസ് പറഞ്ഞു.
“ഏതാണ്ട് എല്ലാ ജംഗ്ഷനുകളിലും മറ്റ് പ്രധാന തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ഒരു ശില്‍പം ഉണ്ടായിരിക്കും. സ്ഥാപിക്കുന്നതിനുള്ള ചുമതല ബിഎംസി ഏറ്റെടുക്കും. ഹോക്കി ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഇത് പൂര്‍ത്തിയാക്കും, ”സുലോചന ദാസ് പറഞ്ഞു. ഇന്ത്യൻ ടീം ഇതിനകം എത്തി റൂർക്കേലയിൽ പരിശീലനം നടത്തുമ്പോൾ വിദേശത്ത് നിന്നുള്ള ടീമുകളും ഭുവനേശ്വറിലെത്തി തുടങ്ങിയിട്ടുണ്ട്.