/sathyam/media/post_attachments/j4HEw5KhmTvTOdEFhmx9.jpg)
മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്ര മത്സരപരിചയമില്ലെങ്കിലും, ഐപിഎല്ലിലെ അനുഭവസമ്പത്താണ് താരത്തെ ടീമിന്റെ ക്യാപ്റ്റനാക്കിയത്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം കഴിഞ്ഞ തവണ ഫൈനലിലുമെത്തി.
സഞ്ജുവിനെ എന്തുകൊണ്ട് ക്യാപ്റ്റനാക്കിയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍ സി.ഇ.ഒ ലുഷ് മക്രവും രംഗത്തെത്തി. സഞ്ജു എല്ലായ്‌പ്പോഴും തങ്ങളുടെ ആളായിരുന്നുവെന്ന് മക്രം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
"സഞ്ജു എല്ലായ്‌പ്പോഴും ഞങ്ങളുടെ ആളായിരുന്നു. അദ്ദേഹം ഒരു വലിയ താരമാണ്. മറ്റ് താരങ്ങളെക്കാള്‍ സഞ്ജു ചെറുപ്പമായിരിക്കാം. പക്ഷേ, ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം വലിയ അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഫ്രാഞ്ചൈസിക്കുവേണ്ടി ജീവിച്ചു, ശ്വസിച്ചു. അതിൽ വളരെ ആവേശഭരിതനാണ്, അത് വളരെ പ്രധാനമാണ്, ” മക്രം പറഞ്ഞു.
കോച്ചും ക്രിക്കറ്റ് ഡയറക്ടറുമായ കുമാർ സംഗക്കാരയുമായുള്ള സാംസണിന്റെ പങ്കാളിത്തം ഫ്രാഞ്ചൈസിക്ക് വേണ്ടി നന്നായി പ്രവർത്തിച്ചുവെന്നും കളിക്കളത്തിൽ ഉച്ചത്തിൽ സംസാരിക്കില്ലെങ്കിലും കളിക്കളത്തിന് പുറത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കളിക്കാരെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്ന് മക്രം പറഞ്ഞു. കാര്യങ്ങള്‍ പഠിക്കാനുള്ള സഞ്ജുവിന്റെ തുറന്ന മനസാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സഞ്ജു ഇനിയും ഏറെ മെച്ചപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.