കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടി.
ഈസ്റ്റ് ബംഗാളിനായി ക്ലെയ്റ്റണ്‍ സില്‍വ ഇരട്ടഗോളുകള്‍ നേടി. പത്താം മിനിറ്റില്‍ സില്‍വ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാളാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 30-ാം മിനിറ്റില്‍ പ്രതിബ് സുന്ദര്‍ ഗോഗോയി നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പമെത്തി.
തൊട്ടുപിന്നാലെ 32-ാം മിനിറ്റില്‍ മലയാളിതാരം ജിതിന്‍ എം.എസ് നോര്‍ത്ത് ഈസ്റ്റിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജേക്ക് ജാര്‍വിസ് ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു.
64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സില്‍വ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചെങ്കിലും, 85-ാം മിനിറ്റില്‍ ഇമ്രാന്‍ ഖാനിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചെടുക്കുകയായിരുന്നു.