ഭുവനേശ്വര്‍: സന്തോഷ് ട്രോഫിയില്‍ ഇന്ന് നടന്ന കേരളം-മഹാരാഷ്ട്ര പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും നാലു ഗോളുകള്‍ വീതം നേടി.
തുടക്കത്തില്‍ മൂന്ന് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം ശക്തമായി ആഞ്ഞടിച്ച കേരളം മത്സരം സമനിലയിലാക്കുകയായിരുന്നു. കേരളത്തിനായി വിശാഖ് മോഹനന്‍, നിജോ ഗില്‍ബര്‍ട്ട്, അര്‍ജുന്‍ വി, ജോണ്‍ പോള്‍ ജോസ് എന്നിവര്‍ വല കുലുക്കി.
മഹാരാഷ്ട്രയ്ക്ക് വേണ്ടി സൂഫിയാന്‍ ഷെയ്ഖ് ഇരട്ട ഗോള്‍ നേടി. ഹിമാന്‍ഷു പാട്ടീല്‍, സുമിത് ഭണ്ഡാരി എന്നിവര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. ഈ സമനിലയോടെ കേരളത്തിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി.
ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ഗോവയെ തോല്‍പിച്ചെങ്കിലും, രണ്ടാം പോരാട്ടത്തില്‍ കര്‍ണാടകയോട് കേരളം തോറ്റിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ കേരളത്തിന് വിജയം അനിവാര്യമാണ്. മറ്റ് മത്സരഫലങ്ങളെ കൂടി ആശ്രയിച്ചാകും കേരളത്തിന്റെ മുന്നോട്ടുപോക്ക്.