ബ്രസല്‍സ്: പെനാല്‍റ്റി സേവ് ചെയ്തതിന് പിന്നാലെ മൈതാനത്ത് കുഴഞ്ഞുവീണ ഫുട്‌ബോള്‍ ഗോള്‍കീപ്പര്‍ അന്തരിച്ചു. ബൽജിയം പ്രാദേശിക ഫുട്ബോൾ ലീഗിൽ വിൻകെൽ സ്പോർട്ട് ബി ക്ലബ്ബിന്റെ താരമായ ആർനെ എസ്പീലാണ് 25-ാം വയസില്‍ മരിച്ചത്. വിൻകെൽ സ്‌പോർട്‌സ് ഗ്രൗണ്ടിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ. ക്ലബ് വെസ്‌ട്രോസെബെക്കെയ്‌ക്കെതിരെ നടന്ന മത്സരത്തിലാണ് താരം കുഴഞ്ഞുവീണത്. ടീമിന് വേണ്ടി പെനാല്‍റ്റി തടഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
"ആർനെ എസ്‌പീലിന്റെ പെട്ടെന്നുള്ള മരണത്തിൽ വിങ്കൽ സ്‌പോർട് അഗാധമായ ദുഃഖത്തിലാണ്. ആർനെയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു" ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ആയിരത്തിലധികം ആളുകൾ എസ്പീലിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയതായി റിപ്പോർട്ടുണ്ട്. താരത്തിന്റെ മരണം ഞെട്ടിക്കുന്നതാണെന്ന് വിങ്കലിന്റെ സ്‌പോർട്‌സ് ഡയറക്ടർ പാട്രിക് റോറ്റ്‌സേർട്ട് പറഞ്ഞു.