ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്‌സി, എഫ്‌സി ഗോവയെ തോല്‍പിച്ചു. 3-1 നായിരുന്നു ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിനായി ശിവശക്തി നാരായണന്‍ ഇരട്ടഗോള്‍ നേടി.
6, 76 മിനിറ്റുകളിലാണ് ശിവശക്തി ഗോളുകള്‍ നേടിയത്. 81-ാം മിനിറ്റില്‍ പാബ്ലോ പെരെസും ബെംഗളൂരുവിനായി വല കുലുക്കി. 33-ാം മിനിറ്റില്‍ ഐക്കര്‍ ഗ്വാരോട്ട്‌സെനയിലൂടെയാണ് ഗോവ ആശ്വാസഗോള്‍ കണ്ടെത്തിയത്.
നിര്‍ണായക മത്സരത്തിലെ തോല്‍വിയോടെ ഗോവ ലീഗില്‍ നിന്ന് പുറത്തായി. ഇന്ന് ജയിക്കാനായിരുന്നെങ്കില്‍ ഗോവ പ്ലേ ഓഫില്‍ എത്തുമായിരുന്നു. ഗോവ പുറത്തായതോടെ ഒഡീഷ പ്ലേ ഓഫിലെത്തി. പോയിന്റ് പട്ടികയില്‍ ഒഡീഷ ആറാമതാണ്. ഗോവ ഏഴാമതും.
അതേസമയം, ഇന്നത്തെ തകര്‍പ്പന്‍ ജയത്തിലൂടെ ബെംഗളൂരു മൂന്നാമതെത്തി. അവസാനത്തെ മത്സരം ജയിച്ച് മൂന്നാം സ്ഥാനത്തെത്താമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേറ്റു. ഹൈദരാബാദിനെതിരായ അവസാനത്തെ മത്സരത്തില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ മഞ്ഞപ്പടയ്ക്ക് മൂന്നാം സ്ഥാനത്ത് പ്രവേശിക്കാനാകൂ.