കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് 'ബംഗാള്‍' പോരില്‍ എടികെ വിജയം സ്വന്തമാക്കിയത്. 68-ാം മിനിറ്റില്‍ സ്ലാവ്‌ക്കോ ദാംജനോവിച്, 90-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസ് എന്നിവര്‍ ഗോളുകള്‍ നേടി.
20 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുള്ള എടികെ ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. നാളെ നടക്കുന്ന ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിജയിച്ച് മൂന്നാം സ്ഥാനത്തെത്താനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ക്കും ഇതോടെ മങ്ങലേറ്റു.
ഗോള്‍ വ്യത്യാസത്തില്‍ മഞ്ഞപ്പടയെക്കാള്‍ ബഹുദൂരം മുന്നിലുള്ളതാണ് എടികെയ്ക്കും, നാലാമതുള്ള ബെംഗളൂരു എഫ്‌സിക്കും ആശ്വാസകരമാകുന്നത്. നാളത്തെ മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ഹൈദരാബാദിനെ തോല്‍പിച്ചാല്‍ മാത്രമേ ബ്ലാസ്റ്റേഴ്‌സിന് മൂന്നാമതെത്താന്‍ സാധിക്കൂ. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.
ആദ്യ സ്ഥാനത്തുള്ള മുംബൈ സിറ്റിയും, രണ്ടാമതുള്ള ഹൈദരാബാദ് എഫ്‌സിയും ഇതിനകം സെമി ഫൈനലില്‍ പ്രവേശിച്ചുകഴിഞ്ഞു. മൂന്ന് മുതല്‍ ആറു വരെ സ്ഥാനക്കാര്‍ക്ക് പ്ലേ ഓഫിലെത്താം. പ്ലേ ഓഫില്‍ ഹോം ഗ്രൗണ്ട് ലഭിക്കുമെന്നതാണ് മൂന്ന്, നാല് സ്ഥാനങ്ങളിലുള്ള ടീമുകളുടെ പ്രത്യേകത. ആറാമതുള്ള ഒഡീഷ എഫ്‌സിയാണ് പ്ലേ ഓഫില്‍ പ്രവേശിച്ച മറ്റൊരു ടീം.