/sathyam/media/post_attachments/HyP6w60uwku2PCGpPpDX.jpg)
മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഇത്തവണത്തെ ഐപിഎല്ലിനും ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ നടുവേദനയെ തുടര്‍ന്ന് വിശ്രമത്തിലാണ് ബുംറ. പരിക്ക് ഭേദമാകാത്തതാണ് താരത്തിനെ വലയ്ക്കുന്നത്. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാന്‍ താരം ശസ്ത്രക്രിയക്ക് വിധേയനാകും.
ഐപിഎല്ലില്‍ ബുംറയുടെ അഭാവം മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാകും. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനും ബുംറയ്ക്ക് സാധിക്കില്ലെന്നാണ് വിവരം.
ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളെല്ലാം താരത്തിന് ഇതിനകം നഷ്ടമായിരുന്നു. തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പരിക്ക് വീണ്ടും വഷളായതാണ് തിരിച്ചടിയായത്.
കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ടീമില്‍ ബുംറയെ ഉള്‍പ്പെടുത്തിയെങ്കിലും, പരിക്ക് മൂലം പിന്നീട് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ നവംബര്‍ മുതല്‍ താരം കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനത്തിലായിരുന്നു.
നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്ന താരത്തെ വീണ്ടും പരിക്ക് വലച്ചു. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലൂടെ തിരിച്ചുവരവിന് ശ്രമിച്ച ബുംറയ്ക്ക് പരിക്ക് വഷളായത് വീണ്ടും വിനയായി. പരിക്ക് പൂര്‍ണമായി മാറി, കായികക്ഷമത പരിപൂര്‍ണമായി വീണ്ടെടുത്തതിന് മാത്രം ബുംറയെ വീണ്ടും ടീമിലെടുത്താല്‍ മതിയെന്നാണ് ബിസിസിഐയുടെ തീരുമാനം.