ബെംഗളൂരു: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ബെംഗളൂരു എഫ്‌സി നേടിയ ഗോളിന്റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ബെംഗളൂരുവിന് ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം ശരിയാണെന്നും, തെറ്റാണെന്നും വാദിക്കുന്നവര്‍ സജീവമാണ്. സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ റഫറി അനുവദിച്ചതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. ബെംഗളൂരു സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തായി.
അതേസമയം, ബെംഗളൂരുവിന് ഗോള്‍ അനുവദിച്ച ക്രിസ്റ്റൽ ജോണിന്റെ തീരുമാനത്തിനെതിരെ ഇന്ത്യയിലെ മുൻനിര ഫുട്‌ബോൾ റഫറിമാരിൽ ചിലർ കടുത്ത വിമർശനവുമായി രംഗത്തെത്തി."ഇത് വ്യക്തമായും റഫറിയുടെ പിഴവാണ്. എതിര്‍ ടീമിന്റെ അപകടമേഖലയിലാണ് ഫ്രീകിക്ക് ലഭിച്ചത്. മതിൽ (wall) സ്ഥാപിച്ച് ഗോൾകീപ്പർ തയ്യാറായതിന് ശേഷമാണ് കിക്ക് എടുത്തതെന്ന് അദ്ദേഹം ഉറപ്പാക്കേണ്ടതായിരുന്നു. റഫറി ചെയ്തത് തെറ്റാണ്,” മുൻ ദേശീയ റഫറി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
എന്തുകൊണ്ടാണ് ഐഎസ്എൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) ഉപയോഗിച്ചു തുടങ്ങാത്തതെന്നും അദ്ദേഹം ആശ്ചര്യപ്പെട്ടു. ഒരു വിഎആർ ഉണ്ടായിരുന്നെങ്കിൽ ഈ തീരുമാനം അസാധുവാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീര്‍ച്ചയായും ഇത് റീകിക്ക് എടുക്കേണ്ടതായിരുന്നുവെന്നും ഒരു ഉന്നത ഒഫീഷ്യല്‍ പറഞ്ഞതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
"ഒരു റിക്കിക്ക് നൽകണമായിരുന്നു. എന്തുകൊണ്ട്? കാരണം, റഫറി കളി നിർത്തി മതിലിന് 9.15 മീറ്റർ അടയാളപ്പെടുത്തി. കളിക്കാരോട് പിന്നോട്ട് പോകാൻ അദ്ദേഹം നിർദ്ദേശിക്കുകയും വിസിലിന് ശേഷം മാത്രം ഗെയിം ആരംഭിക്കാൻ കിക്കറോട് പറയുകയും ചെയ്യണമായിരുന്നു," അദ്ദേഹം പറഞ്ഞു.