ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; മിക്ക ടീമുകള്‍ക്കും ആശങ്ക സമ്മാനിച്ച് താരങ്ങളുടെ പരിക്ക് ! പകരക്കാരെ ഉടന്‍ പ്രഖ്യാപിക്കും; മാത്യു ഷോര്‍ട്ടിനെ ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്‌സ്, സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിലേക്ക് ?

New Update

publive-image

Advertisment

മുംബൈ: താരങ്ങളുടെ പരിക്കാണ് വിവിധ ഐപിഎല്‍ ഫ്രാഞ്ചെസികളെ വലയ്ക്കുന്നത്. പരിക്കേറ്റവര്‍ക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. ഉടന്‍ തന്നെ ടീമുകള്‍ പകരക്കാരെ പ്രഖ്യാപിക്കും. പരിക്കേറ്റ ജോണി ബെയര്‍സ്‌റ്റോക്ക് പകരം മാത്യു ഷോര്‍ട്ടിനെ പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചതായാണ് സൂചന.

പ്രസിദ് കൃഷ്ണയ്ക്ക് പകരം സന്ദീപ് ശര്‍മ രാജസ്ഥാന്‍ റോയല്‍സിലെത്തിയേക്കും. താരം ഇതിനോടകം തന്നെ റോയല്‍സ് ക്യാമ്പില്‍ പരിശീലനം നടത്തുന്നുണ്ട്.

വിവിധ ടീമുകളിലായി പത്തോളം താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ചില താരങ്ങളും ഐപിഎല്ലിലെ ആദ്യ ആഴ്ച ടീമുകള്‍ക്കൊപ്പം ചേരില്ല.

ഇംഗ്ലണ്ടിലെയും, ഓസ്‌ട്രേലിയയിലെയും ടെസ്റ്റ് താരങ്ങളും ഐപിഎല്‍ പ്ലേ ഓഫിന് മുമ്പ് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്.

പരിക്ക് മൂലം ജസ്പ്രീത് ബുംറയും, ജേ റിച്ചാര്‍ഡ്‌സണും വിട്ടുനില്‍ക്കുന്നത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകും. ഇവര്‍ക്ക് ഇതുവരെ പകരക്കാരെ കണ്ടെത്തിയിട്ടില്ല. ഋഷഭ് പന്തിന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. വിവേക് സിംഗ്, ലുവ്‌നിത് സിസോദിയ, ഷെല്‍ഡണ്‍ ജാക്‌സണ്‍, അഭിഷേക് പോറെല്‍ എന്നിവരില്‍ ഒരാളെ ഡല്‍ഹി ടീമിലെത്തിക്കുമെന്നാണ് സൂചന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ശ്രേയസ് അയ്യരുടെ സേവനം ലീഗില്‍ ഉടനീളം ലഭിക്കില്ല. നിതീഷ് റാണയും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. കൈല്‍ ജാമിസണ് പകരമായി സിസന്ദ മഗലയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. മുകേഷ് ചൗധരി പരിക്കിന്റെ പിടിയിലായതാണ് സിഎസ്‌കെയെ അലട്ടുന്ന മറ്റൊരു പ്രശ്‌നം.

Advertisment