/sathyam/media/post_attachments/b9vUVwWA4NS1QXseoDhr.jpg)
ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തു. ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
51 പന്തില്‍ 79 റണ്‍സെടുത്ത ജോസ് ബട്ട്‌ലര്‍, 31 പന്തില്‍ 60 റണ്‍സെടുത്ത യഷ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 21 പന്തില്‍ 39 റണ്‍സെടുത്ത ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിംഗ് മികവാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ഓവറില്‍ തന്നെ അഞ്ച് ഫോറടിച്ച് ജയ്‌സ്വാള്‍ രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വമ്പനടിക്ക് ശ്രമിച്ച് പൂജ്യത്തിന് പുറത്തായി. ഏഴ് റണ്‍സ് മാത്രമെടുത്ത റിയാന്‍ പരാഗും നിരാശപ്പെടുത്തി. ധ്രുവ് ജൂറെല്‍ എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും, കുല്‍ദീപ് യാദവും, റോവ്മാന്‍ പവലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
55 പന്തില്‍ 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അര്‍ധസെഞ്ചുറി നേടിയെങ്കിലും വാര്‍ണറുടെ മെല്ലപ്പോക്ക് ഡല്‍ഹിക്ക് തിരിച്ചടിയായി. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും പൃഥി ഷായെ പുറത്താക്കാന്‍ സഞ്ജു സാംസണ്‍ എടുത്ത ക്യാച്ച് ആരാധകരുടെ മനം കവര്‍ന്നു. ഡല്‍ഹി ബാറ്റിംഗ് നിരയില്‍ പൃഥി ഷാ, മനീഷ് പാണ്ഡെ, ആന്റിച്ച് നോഷെ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ ഷായെയും, പാണ്ഡെയും പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ട് ഡല്‍ഹിയെ ഞെട്ടിച്ചു.
റിലീ റൂസോ-14, ലളിത് യാദവ്-38, അക്‌സര്‍ പട്ടേല്‍-2, റോവ്മാന്‍ പവല്‍-2, അഭിഷേക് പോറെല്‍-7, കുല്‍ദീപ് യാദവ്-3 നോട്ടൗട്ട്, മുകേഷ് കുമാര്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി ബാറ്റര്‍മാരുടെ സമ്പാദ്യം. രാജസ്ഥാനു വേണ്ടി ട്രെന്‍ഡ് ബോള്‍ട്ടും, യുസ്വേന്ദ്ര ചഹലും മൂന്ന് വിക്കറ്റ് വീതവും, രവിചന്ദ്രന്‍ അശ്വിന്‍ രണ്ട് വിക്കറ്റും, സന്ദീപ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി. മൂന്ന് മത്സരങ്ങളില്‍ രണ്ടാമത്തെ വിജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ഇതോടെ പോയിന്റ് പട്ടികയിലും ഒന്നാമതെത്തി.