/sathyam/media/post_attachments/4H5vIO1791ncwHSr336O.jpg)
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് റണ്‍സിന് കീഴടക്കി. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 175 റണ്‍സ്. ചെന്നൈയുടെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയില്‍ അവസാനിച്ചു.
ചെന്നൈ ഏറെക്കുറെ പരാജയം മണുത്ത മത്സരത്തില്‍ പുറത്താകാതെ 17 പന്തില്‍ 32 റണ്‍സ് നേടിയ എം.എസ്. ധോണിയുടെയും, 15 പന്തില്‍ 25 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെയും പോരാട്ടമാണ് അവസാന നിമിഷത്തില്‍ വിജയപ്രതീക്ഷ സമ്മാനിച്ചത്. സന്ദീപ് ശര്‍മ എറിഞ്ഞ അവസാന പന്തില്‍ അഞ്ച് റണ്‍സ് വേണമായിരുന്നെങ്കിലും, ധോണിക്ക് സിംഗിള്‍ മാത്രമാണ് നേടാനായത്.
36 പന്തില്‍ 52 റണ്‍സ് നേടിയ ജോസ് ബട്ട്‌ലര്‍, 26 പന്തില്‍ 38 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കല്‍, 22 പന്തില്‍ 30 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിന്‍, പുറത്താകാതെ 18 പന്തില്‍ 30 റണ്‍സ് നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. മലയാളി താരവും ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. ചെന്നൈയ്ക്കു വേണ്ടി ആകാശ് സിംഗ്, തുഷാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
38 പന്തില്‍ 50 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ 19 പന്തില്‍ 31 റണ്‍സെടുത്തു. രാജസ്ഥാനു വേണ്ടി രവിചന്ദ്രന്‍ അശ്വിനും, യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് മത്സരങ്ങളില്‍ മൂന്നാം ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി.