/sathyam/media/post_attachments/gkKPzaa4Ixa1YGUeiUOO.jpg)
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 127 റണ്‍സിന് പുറത്തായി. ഡല്‍ഹി 19.2 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
39 പന്തില്‍ 43 റണ്‍സ് നേടിയ ജേസണ്‍ റോയിയും, പുറത്താകാതെ 31 പന്തില്‍ 38 റണ്‍സ് നേടിയ ആന്ദ്രെ റസലും മാത്രമാണ് കൊല്‍ക്കത്ത ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ ഡല്‍ഹിയ്ക്കായി തിളങ്ങി.
41 പന്തില്‍ 57 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. തുടക്കത്തില്‍ വിജയം ഉറപ്പിച്ചെങ്കിലം, പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായതും, കൊല്‍ക്കത്ത ബൗളര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തതും മത്സരം അവസാന ഓവര്‍ വരെ എത്തിച്ചു. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും, നിതീഷ് റാണയും, അങ്കുള്‍ റോയിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.