ലഖ്നൗ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ വിരാട് കോലിയുമായുള്ള വാക്കു തര്‍ക്കത്തിന് ശേഷം വിരാട് കോലിയെ അണ്‍ഫോളോ ചെയ്ത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് താരം നവീൻ ഉള്‍ ഹഖ്. ‘നിങ്ങൾ അർഹിക്കുന്നതെ കിട്ടൂ, അത് അങ്ങനെയേ വരൂ’ എന്ന് നവീന്‍ നേരത്തെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. താൻ ഐപിഎല്ലില്‍ കളിക്കാനാണ് വന്നതെന്നും അല്ലാതെ ആരാലും അപമാനിക്കപ്പെടാനല്ലെന്നും താരം ഒരു സഹതാരത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സര വിജയത്തിനു ശേഷം ഡ്രസിങ് റൂമിൽ കോഹ്ലി പറഞ്ഞതും ശ്രദ്ധേയമായി. ‘‘കൊടുത്താൽ തിരിച്ചുകിട്ടുമെന്ന കാര്യം ഓർമ വേണം, ഇല്ലെങ്കിൽ കൊടുക്കാൻ നിൽക്കരുത്.’’– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പങ്കുവച്ച വിഡിയോയിൽ വിരാട് കോഹ്ലി പറഞ്ഞു. ഡ്രസിങ് മുറിയിലുണ്ടായിരുന്ന കോഹ്ലിക്ക് അടുത്തേക്ക് ക്യാമറ എത്തിയപ്പോഴാണ്, ക്യാമറയിലേക്കു നോക്കാതെ കോഹ്ലിയുടെ പ്രതികരണം.
മത്സരത്തിനിടെ കോഹ്ലി നവീനോട് എന്തോ പറയുന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഭവത്തിന്റെ വീഡിയോ വൈറലാണ്. മത്സരത്തിനിടെ വിരാട് കോഹ്ലി എന്തോ പറയുന്നതും ലക്നൗവിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ് ഇതിനോടു പ്രതികരിക്കുന്നതും വീഡിയോയിലുണ്ട്. തുടർന്ന് കോഹ്ലി അഫ്ഗാൻ താരത്തിന് തന്റെ കാലിലെ ഷൂ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
വിരാട് കോഹ്ലി എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. അംപയർമാരും ലക്നൗ ലക്നൗ ബാറ്റർ അമിത് മിശ്രയും വിഷയത്തിൽ ഇടപെടുന്നതും കോഹ്ലി ഇവരോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്. മത്സരത്തിനു ശേഷവും നവീൻ ഉൾ ഹഖും വിരാട് കോഹ്ലിയും തമ്മില്‍ തർക്കമുണ്ടായി. മത്സരത്തിനു ശേഷം ഷെയ്ക്ഹാൻഡ് ചെയ്യുന്നതിനിടെ താരങ്ങൾ രോഷത്തോടെയാണു സംസാരിച്ചത്. പിന്നീട് ലക്നൗ മെന്റർ ഗൗതം ഗംഭീറും കോഹ്ലിയും തമ്മിലും തര്‍ക്കിച്ചു.
ഏതാനും നേരത്തെ തർക്കത്തിനൊടുവിൽ കോഹ്ലിയും നവീനും പോയെങ്കിലും പിന്നീട് ലക്നൗ ബാറ്റർ കൈൽ മേയര്‍സ് കോഹ്ലിയോടു സംസാരിച്ചു. തുടർന്ന് ലക്നൗ ടീമിന്റെ മെന്റർ ഗൗതം ഗംഭീർ വിഷയത്തിൽ ഇടപെട്ടു. ഗംഭീർ നടന്നെത്തി മേയർസിനെ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഗംഭീർ തിരിച്ചെത്തി കോഹ്ലിയോട് തർക്കിക്കുകയായിരുന്നു.
വിരാട് കോഹ്ലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ ചുമത്തിയിരുന്നു. കോഹ്ലിയും ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴ അടയ്ക്കേണ്ടി വരും. നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്. കോഹ്ലിക്ക് പിഴയായി 1.07 കോടി രൂപ അടയ്ക്കേണ്ടി വരുമെന്നാണ് വിവരങ്ങള്‍. ഗംഭീറിന് 25 ലക്ഷവും നവീന് 1.79 ലക്ഷവുമാണ് പിഴ വന്നിട്ടുള്ളത്.