ജി മെയില്‍ പണി മുടക്കി; ആശങ്കപ്പെട്ട് ഉപയോക്താക്കള്‍; പ്രശ്‌നം പരിഹരിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്‌

author-image
ടെക് ഡസ്ക്
New Update

publive-image

'ജിമെയില്‍' പ്രവര്‍ത്തനരഹിതമായതായി നിരവധി ഉപയോക്താക്കളുടെ പരാതി. ആഗോളതലത്തില്‍ നിരവധി പേര്‍ തങ്ങള്‍ക്ക് ജിമെയില്‍ സേവനം ലഭിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഇക്കാര്യം 'ഡൗണ്‍ഡിറ്റക്ട'റും (Downdetector.com) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജിമെയില്‍ ആപ്പ് പ്രവര്‍ത്തനരഹിതമായെന്നും അയച്ച മെയിലുകള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമുള്ള പരാതികളാണ് ഉയര്‍ന്നത്.

Advertisment

ജിമെയില്‍ സേവനത്തില്‍ തടസം അനുഭവപ്പെട്ടതായി ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് ഡാഷ്‌ബോര്‍ഡും വ്യക്തമാക്കുന്നുണ്ട്.  ഇ മെയില്‍ അയയ്ക്കുന്നതില്‍ കാലതാമസം നേരിട്ടേക്കാമെന്നും എഞ്ചിനീയറിംഗ് ടീം പ്രശ്‌നം പരിഹരിച്ചുവരികയാണെന്നും ജിമെയില്‍ അറിയിച്ചു. ഏതാനും സമയങ്ങള്‍ക്കകം തടസം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

ഇന്ത്യയിലടക്കം നിരവധി പേര്‍ തങ്ങള്‍ക്ക് ജിമെയില്‍ സേവനം തടസപ്പെട്ടതായി ആശങ്ക ഉന്നയിച്ചിരുന്നു. ആഗോളതലത്തില്‍ 1.5 ബില്യണിലധികം ഉപയോക്താക്കള്‍ ജിമെയിലിനുണ്ട്. 2022-ല്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ഒന്നും ജിമെയിലാണ്.

ജിമെയില്‍ തകരാറിലായെന്ന് വ്യക്തമാക്കുന്ന '#GmailDown' ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു. എന്നാല്‍ തകരാര്‍ സംബന്ധിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല.

Advertisment