സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കാത്തവർ ഇന്ന് ചുരുക്കമാണ്. സ്മാർട്ട് ഫോണുകൾ, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയിലുണ്ടായ കാലോചിതമായ മാറ്റം എല്ലാവരിലേയ്ക്കും സോഷ്യൽ മീഡിയ ചെന്നെത്താനുള്ള സാഹചര്യം സൃഷ്ടിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന ഇന്റർനെറ്റ് സൗകര്യവും കൊവിഡ് ലോക്ക്ഡൗൺ കാലയളവും സാധാരണക്കാരെ പോലും സോഷ്യൽ മീഡിയയിലേയ്ക്ക് കൂടുതൽ അടുപ്പിച്ചു. പരിധി വിട്ട സോഷ്യൽ മീഡിയ ഉപയോഗം അതിനാൽ തന്നെ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ദിവസവും നിരവധി മണിക്കൂറുകൾ സോഷ്യൽ മീഡിയയിൽ ചെലവഴിച്ചിട്ടും അഡിക്ഷനെ തിരിച്ചറിയാതെ പോകുന്നവരുമുണ്ട്.
ലഹരി വസ്തുക്കൾ പോലെ തന്നെ അമിതമായാൽ നിത്യജീവിതത്തെയും മാനസികാരോഗ്യത്തെയും തകിടം മറിക്കാൻ പോന്നത് തന്നെയാണ് സോഷ്യൽ മീഡിയ അഡിക്ഷനും. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ തിരയുന്നതിന് മുൻപ് സോഷ്യൽ മീഡിയ അഡിക്ഷനുണ്ടോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏറിയ പങ്കും ഉള്ളവർ തങ്ങളുടെ സോഷ്യൽ മീഡിയ വിനിയോഗത്തെക്കുറിച്ച് ഗൗരവകരമായി തന്നെ ചിന്തിച്ച് തുടങ്ങേണ്ടതാണ്.
• ഗൗരവകരമായ മറ്റ് കാര്യങ്ങൾക്കിടയിലും ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയ പരിശോധിക്കുന്നു.
•സ്ഥിരമായി ചാറ്റ് ചെയ്യുന്നവരുടെ അഭാവത്തിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.
• സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ നിരാശയും ദേഷ്യവും
•സോഷ്യൽ മീഡിയ ഉപയോഗം നിത്യജീവിതത്തെ പ്രതികൂലമായ ബാധിക്കുന്നു.
• ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾപോലും സോഷ്യൽ മീഡിയയ്ക്കായി ഒഴിവാക്കുന്നു.