Advertisment

വാകിസെനെടുക്കാൻ മടി കാട്ടി, മലപ്പുറത്ത് അഞ്ചാംപനി വൻതോതിൽ പടരുന്നു. ഇതിനകം രോഗം സ്ഥിരീകരിച്ചത് 130 പേർക്ക്. യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള കടുത്ത രോഗങ്ങളുണ്ടാവാം. കുഞ്ഞുങ്ങൾക്ക് അഞ്ചാംപനി വാക്സിനെടുക്കാൻ മടി വേണ്ട

New Update

publive-image

Advertisment

തിരുവനന്തപുരം : മലപ്പുറത്ത് അഞ്ചാംപനി വ്യാപകമായകിന് പിന്നിൽ വാക്‌സിനോടുള്ള വിമുഖതയെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 130 പേർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇതിൽ ചുരുക്കം പേർമാത്രമാണ് വാക്‌സിൻ എടുത്തിട്ടുള്ളത്.

അവരിൽ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായത്. രോഗം വ്യാപകമായതിന്റെ ഫലമായി വാക്‌സിനെടുത്തവർക്കും വൈറസ് ബാധയുണ്ടായെങ്കിലും അത് അപകടകരമായില്ല.


ഈ സാഹചര്യത്തിൽ വാക്‌സിനോടുള്ള വിമുഖത പാടില്ലെന്നും കുട്ടികൾക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷൻ വിമുഖതയകറ്റാൻ പ്രത്യേക കാമ്പെയിൻ ജില്ലയിൽ ആരംഭിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.


ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി മലപ്പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ അഡീഷണൽ ഡയറക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതുകൂടാതെ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജില്ലയിലുണ്ട്.


അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മീസൽസ്, റുബല്ല അഥവാ എം.ആർ വാക്സിൻ നൽകുന്നതിലൂടെയാണ് ഈ രോഗത്തിനെ പ്രതിരോധിക്കുന്നത്.


അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് എം.ആർ വാക്‌സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എം.ആർ വാക്‌സിനും പതിനാറാം മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസിനുള്ളിൽ വാക്‌സിൻ എടുക്കണം.

എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിൻ സൗജന്യമാണ്. ലക്ഷണങ്ങൾ ഇവയാണ്- പനി, പനിയോടൊപ്പം ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. മൂന്നുനാലു ദിവസം കഴിയുമ്പോൾ ദേഹമാസകലം ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന ഇവയുണ്ടാകും.


അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം.


അഞ്ചാം പനി കാരണം എറ്റവും കൂടുതൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് എന്നിവയാണ്. ഈ പഴുപ്പ് യഥാവിധം ചികിൽസിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വിറ്റാമിൻ എയുടെ കുറവും ഇത്തരം സങ്കീർണതകൾ വർധിപ്പിക്കും.

Advertisment