Advertisment

സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുന്നു. നാലു വർഷ ബിരുദം നടപ്പാക്കുമ്പോൾ മൂന്നാം വർഷം കുട്ടികളെ ഇറങ്ങിപ്പോവാൻ അനുവദിക്കരുതെന്ന് അദ്ധ്യാപകർ. ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാരങ്ങൾ വേണ്ട. നാലുമാസം കൊണ്ട് എല്ലാ സർവകലാശാലകളിലെയും സിലബസ് പരിഷ്കരിക്കാനാവില്ലെന്നും അദ്ധ്യാപകർ

New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാർ കൊട്ടിഘോഷിച്ച സിലബസ് പരിഷ്കരണം തുടക്കത്തിലേ പാളുകയാണ്. നാലുമാസം കൊണ്ട് എല്ലാ സർവകലാശാലകളിലെയും സിലബസ് പരിഷ്കരിക്കാനാവില്ലെന്നും തങ്ങളുടെ ജോലിഭാരം കണക്കിലെടുക്കാത്ത പരിഷ്കാരങ്ങൾ വേണ്ടെന്നും അദ്ധ്യാപകർ നിലപാടെടുത്തതോടെ സർക്കാരിന്റെ പരിഷ്കരണം പാളുമെന്ന ഘട്ടത്തിലായി.

വിദ്യാർത്ഥികളിൽ നൈപുണ്യ വികസനം വളർത്താൻ പ്രത്യേക കോഴ്സുകൾ വേണ്ടെന്നും നിലവിലെ കോഴ്സുകളുടെ സിലബസിൽ നൈപുണ്യവികസനം ഉൾപ്പെടുത്തണമെന്നും ഉന്നതവിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാക്കുന്നതിനായുള്ള ശിൽപ്പശാലയിൽ അദ്ധ്യാപകർ നിർദ്ദേശമുയർത്തി.

നാലുവർഷ ബിരുദ കോഴ്സുകളിൽ അവസാന സെമസ്റ്റർ പൂർണമായി വ്യവസായ ശാലകളിലെ ഇന്റേൺഷിപ്പ്, പ്രോജക്ട് എന്നിവയായിരിക്കണമെന്നാണ് യു.ജി.സിയുടെ നിർദ്ദേശം. എന്നാൽ 20 ക്രെഡിറ്റുകളുള്ള ഈ സെമസ്റ്റർ എങ്ങനെ മൂല്യനിർണയം നടത്തുമെന്നതിൽ അദ്ധ്യാപകർ ആശങ്ക പ്രകടിപ്പിച്ചു.


നാലുവർഷ ബിരുദം കോഴ്സുകൾ നടപ്പാക്കുമ്പോൾ, താത്പര്യമില്ലാത്തവർക്ക് മൂന്നാം വർഷം എക്സിറ്റ് ഓപ്ഷനിലൂടെ കോഴ്സ് അവസാനിപ്പിക്കാനുള്ള നിർദ്ദേശത്തെയും അദ്ധ്യാപകർ എതിർത്തു. ഇത് രണ്ടുതരം വിദ്യാർത്ഥികളെ സൃഷ്ടിക്കുമെന്നാണ് വിമർശനം.


എന്നാൽ ഒന്നാം വർഷം തന്നെ ഡിപ്ലോമ നേടി പുറത്തുപോവാൻ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ മാനദണ്ഡം. ഇത് കേരളത്തിൽ നടപ്പാക്കിയേക്കില്ല. പുതിയ സിലബസും കരിക്കുലവും തയ്യാറാക്കുമ്പോൾ തങ്ങളുടെ ജോലിഭാരം ഉയരുമെന്ന് അദ്ധ്യാപകർ ആശങ്കയറിയിച്ചു.

നാലുമാസത്തിനകം പുതിയ സിലബസുണ്ടാക്കുന്നത് വെല്ലുവിളിയാണെന്ന് അദ്ധ്യാപകർ നിലപാടെടുത്തു. എന്നാൽ വെല്ലുവിളികൾ അതിജീവിച്ച് സിലബസ് പരിഷ്കരണം സമയത്തു തന്നെ പൂർത്തിയാക്കണമെന്നും അടുത്ത വർഷം മുതൽ പുതിയ സിലബസ് നടപ്പാക്കണമെന്നും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയി വ്യക്തമാക്കി.

സിലബസ് പരിഷ്കരണത്തിന് ഐസറിലെ പ്രൊഫസർ സുരേഷ് ദാസ് അദ്ധ്യക്ഷനായ സംസ്ഥാനതല കരിക്കുലം കമ്മിറ്റി ഉടൻ രൂപീകരിക്കും. ശിൽപ്പശാലയിൽ രൂപം നൽകിയ സിലബസ് പരിഷ്കരണ ചട്ടക്കൂട് ഈ കമ്മിറ്റിക്ക് കൈമാറും.

സമിതി തയ്യാറാക്കുന്ന മോഡൽ കരിക്കുലം സർവകലാശാലകൾക്ക് കൈമാറും. ബോർഡ് ഒഫ് സ്റ്റഡീസുകളാണ് ഓരോയിടത്തെയും സിലബസ് പരിഷ്കരിക്കേണ്ടത്. ഇത് അക്കാഡമിക് കൗൺസിൽ അംഗീകരിക്കണം

Advertisment