തിരുവനന്തപുരം : കാര്‍ഷിക വിഷയങ്ങളില്‍ സമയോചിതമായ ഇടപെടലും കര്‍ഷകരുടെ ഉന്നമനവും ലക്ഷ്യമാക്കി കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാമിനെ കരുത്തുറ്റതാക്കാനുറച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി.
ഇന്‍ഫാമിനെ കൂടുതല്‍ കരുത്തുറ്റതാക്കി കർഷക രക്ഷയ്ക്കായി കാര്‍ഷിക വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ ലക്ഷ്യംവച്ചാണ് കെസിബിസിയുടെ നീക്കം.
ഇതിനായി കാഞ്ഞിരപ്പള്ളി മലനാട് ഡവലപ്മെന്‍റ് സൊസൈറ്റി ഡയറക്ടര്‍കൂടിയായ ഫാ. തോമസ് മറ്റമുണ്ടയിലിനെ ഇന്‍ഫാം ദേശീയ ചെയര്‍മാനായി നിയമിക്കാന്‍ കെസിബിസി തീരുമാനിക്കുകയായിരുന്നു. നിലവില്‍ ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലാ ഡയറക്ടറാണ് ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാം അഗ്രി ഫോഴ്സ് അംഗങ്ങള്‍
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാഞ്ഞിരപ്പള്ളി രൂപത മുന്‍കൈയ്യെടുത്ത് ഫാ. മാത്യു വടക്കേമുറി ദേശീയ ചെയര്‍മാനായി രൂപീകരിച്ച കര്‍ഷക മുന്നേറ്റമാണ് ഇന്‍ഫാം. പിന്നീട് ഇന്‍ഫാമിനെ കെസിബിസിയുടെ കീഴിലെ ഔദ്യോഗിക കാര്‍ഷിക സംഘടനയാക്കി മാറ്റുകയായിരുന്നു.
പോരാട്ടങ്ങൾ മണ്ണിന്റെ മക്കൾക്കായി
എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്‍ഫാമിന്‍റെ പ്രവര്‍ത്തനം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു സ്ഥിതി. ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തില്‍ കാഞ്ഞിരപ്പള്ളി ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സമര പോരാട്ടങ്ങള്‍ എല്ലാം തന്നെ വിജയം കണ്ടിരുന്നു.
മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ തോട്ടം-പുരയിടം വിഷയം, ബഫര്‍സോണ്‍ വിഷയത്തിലെ സമരങ്ങളും നിയമ പോരാട്ടങ്ങളും, കാര്‍ഷിക ഭൂമികളിലെ വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിലെല്ലാം സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പരിഹാരം കാണാന്‍ കഴിഞ്ഞത് കാഞ്ഞിരപ്പള്ളി ഇന്‍ഫാമിന്‍റെ ഇടപെടലുകളിലൂടെയായിരുന്നു.
ബഫര്‍സോണ്‍ വിഷയത്തില്‍ മാസങ്ങള്‍ക്കു മുമ്പ് മുണ്ടക്കയത്ത് നടത്തിയ 25000 കര്‍ഷകരുടെ പ്രതിഷേധ റാലി, 12 ഇന ആവശ്യങ്ങളുന്നയിച്ച് ആഴ്ചകള്‍ക്ക് മുമ്പ് കട്ടപ്പനയില്‍ 15000 കര്‍ഷകരെ അണിനിരത്തി നടത്തിയ ജില്ലാ സമ്മേളനം എന്നിവ വന്‍ വിജയമായിരുന്നു.
ബഫര്‍സോണ്‍ വിഷയത്തിലെ ഇന്‍ഫാം റാലിക്കു തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം വനംമന്ത്രി എകെ ശശീന്ദ്രന്‍ കാഞ്ഞിരപ്പള്ളി രൂപതാ ആസ്ഥാനത്തെത്തി മാർ ജോസ് പുളിക്കലുമായി ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം ഉറപ്പു നല്‍കുകയായിരുന്നു.
കട്ടപ്പനയിലെ വമ്പന്‍ റാലിക്കു പിന്നാലെ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇന്‍ഫാമിന്‍റെ ആവശ്യങ്ങള്‍ സംബന്ധിച്ച് വിവര ശേഖരണം നടത്തിയിരുന്നു. തോട്ടം-പുരയിടം വിഷയത്തില്‍ മുമ്പ് നടത്തിയ ഇന്‍ഫാം സമരങ്ങള്‍, കര്‍ഷകര്‍ക്ക് ഭൂമിരേഖകള്‍ തിരുത്തി നല്‍കി പ്രശ്ന പരഹാരത്തിലേയ്ക്ക് എത്തിച്ചിരുന്നു.
കരുത്തായ് കർഷകസേന
ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഇന്‍ഫാം സമ്മേളനത്തിനു മുന്നോടിയായി 500 ഇന്‍ഫാം വോളണ്ടിയര്‍മാരെ അണിനിരത്തി രൂപം നല്‍കിയ പ്രത്യേക പരിശീലനം ലഭിച്ച ' ഇന്‍ഫാം അഗ്രി ഫോഴ്സ് ' കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മാതൃകാപരമായ സന്നദ്ധ സേനയായി മാറി.
ഇതോടെയാണ് ഇന്‍ഫാമിനെ കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയ്ക്ക് പുറത്തേയ്ക്കും ആദ്യകാലങ്ങളിലേതുപോലെ അതിശക്തമായ കാര്‍ഷിക മുന്നേറ്റമായി വളര്‍ത്തിയെടുക്കണമെന്ന ചര്‍ച്ച കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്.
കരുത്താകാൻ മലനാടച്ചൻ
ഇന്‍ഫാം ചുമതല വഹിക്കുന്ന ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയാണ് കാഞ്ഞിരപ്പള്ളി ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ പേര് ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. ഇതുപ്രകാരം കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഇന്‍ഫാം ദേശീയ സമിതി ഫാ. മറ്റമുണ്ടയിലിനെ ദേശീയ ചെയര്‍മാനായി നര്‍ദേശിച്ച് കെസിബിസിക്ക് കത്ത് നല്‍കി.
ഈ ആഴ്ച എറണാകുളം പിഒസിയില്‍ ചേര്‍ന്ന 3 ദിവസത്തെ കെസിബിസി വര്‍ഷകാല സമ്മേളനമാണ് ഫാ. തോമസ് മറ്റമുണ്ടയിലിനെ ദേശീയ ചെയര്‍മാനായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കെസിബിസി, വിശ്വാസികളുമായും കര്‍ഷകരുമായും സാധാരണ ജനവിഭാഗങ്ങളുമായും സംവദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനകീയ മുന്നേറ്റമാണ് ഇന്‍ഫാം. ഇതോടെ ഇന്‍ഫാം തലപ്പത്ത് വന്‍ പൊളിച്ചെഴുത്തിനാണ് സഭ ആലോചിക്കുന്നത്.
അതിനാണ് ശക്തമായ പ്രവര്‍ത്തന പാരമ്പര്യവും സംഘടനാശേഷിയും പ്രൊഫഷണല്‍ മികവും തെളിയിച്ച കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിര്‍ന്ന വൈദികനായ ഫാ. തോമസ് മറ്റുണ്ടയിലിനെ തന്നെ ദേശീയ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്.
മലനാടിന്റെ കൈത്താങ്ങ്
കോടികൾ ബാധ്യതയിലായിരുന്ന മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയെ 1200 ലധികം പേർ ജോലി ചെയ്യുന്ന കേരളത്തിലെതന്നെ ഒന്നാം നിര സ്ഥാപനമാക്കി വളർത്തിയത് ഇദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട പരിശ്രമത്തിൻ്റെ ഫലമായിട്ടായിരുന്നു.
ഇപ്പോൾ ഒരു വർഷം മാത്രം മലനാട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് രണ്ടു കോടിയിലധികം രൂപയാണ്. പ്രളയ കാലത്തും കോവിഡ് കാലത്തും കാഞ്ഞിരപ്പള്ളിയിലെ നൂറു കണക്കിന് കുടുംബങ്ങൾക്ക് പാലും ബ്രഡും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ കിറ്റിലാക്കി നൽകിയ മലനാടിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ഒരു നാട് ഒന്നടങ്കം ഏറ്റുവാങ്ങിയതാണ്.
ഇതോടെ 2025 -ല്‍ സിൽവർ ജൂബിലിയിലേയ്ക്ക് പ്രവേശിക്കുന്ന ഇന്‍ഫാമിനെ കരുത്തുറ്റ കാര്‍ഷിക മുന്നേറ്റമായി വളര്‍ത്തിയെടുക്കുക എന്ന ദൗത്യമാകും ഫാ. തോമസ് മറ്റമുണ്ടയിലിന് വന്നുചേരുക ! അതോടൊപ്പം മലനാട് ഡയറക്റ്റർ സ്ഥാനത്തും ഇദ്ദേഹം തന്നെ തുടരും .