തിരുവനന്തപുരം:നാട്ടില്‍ ആരെങ്കിലും നായകടിയേറ്റ് മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാര്‍ വാഗ്ദാനം നല്‍കുന്നത് പതിവാണ്. പ്രത്യേകിച്ച് എബിസി പദ്ധതി. പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപനത്തോടെ എല്ലാം അവസാനിക്കുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തെരുവുനായയുടെ ആക്രമണത്തില്‍ പത്തനംതിട്ട സ്വദേശി അഭിരാമി മരിച്ചതോടെ ഉയര്‍ന്ന ജനരോഷത്തിന് പിന്നാലെ പദ്ധതികള്‍ പലതും പ്രഖ്യാപിച്ചിരുന്നു. തദ്ദേശമന്ത്രി അധ്യക്ഷനായി തദ്ദേശ,മൃഗ സംരക്ഷണ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തെരുവുനായ പ്രതിരോധ നടപടികള്‍ തീരുമാനിച്ചു.
പക്ഷേ എല്ലാം വെറുതെയായി. വകുപ്പുകളുടെ ഏകോപനമില്ലായ്മയും ഫണ്ടില്ലാതെ വന്നതുമൊക്കെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി അവതാളത്തിലാക്കി. അതിനിടെ വലിയ തോതില്‍ നായകടി വാര്‍ത്തയുമാകാതെ വന്നതോടെ ആരും എബിസി പദ്ധതിയെപ്പറ്റി തിരിഞ്ഞു നോക്കാതെയാക്കി.
സംസ്ഥാനത്ത് ഒരു മാസം 25000ത്തിലേറെ പേര്‍ക്ക് നായകടി ഏല്‍ക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത് തടയാന്‍ കാര്യമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.
തെരുവുനായ്ക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടു നിര്‍മ്മാണത്തെ പലയിടത്തും നാട്ടുകാര്‍ എതിര്‍ത്തതോടെ പദ്ധതി ഉപേക്ഷിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് തലയൂരി.
നായ്ക്കളുടെ വാക്‌സിനേഷനും അമ്പേ പാളി. മൂന്നു ലക്ഷത്തിലേറെ നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞെങ്കിലും മൂന്നിലൊന്നു പോലും പൂര്‍ത്തിയാക്കാനായില്ല. വന്ധ്യംകരണം നടത്തി ചില നായ്ക്കളെ തിരിച്ചുവിട്ടെങ്കിലും അവ വീണ്ടും പ്രസവിച്ചതും ആകെ നാണക്കേടായി.
തെരുവു നായ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ 2016ല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കമ്മറ്റി സെക്രട്ടറിയുടെ കാലാവധി അവസാനിച്ചെങ്കിലും പുതിയ ആളെ ഇനിയും നിയമിച്ചില്ല.
കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ 5,700 അപേക്ഷകളാണ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതില്‍ 818 കേസുകള്‍ പരിശോധിച്ചു. 749 എണ്ണത്തില്‍ നഷ്ടപരിഹാരം കണക്കാക്കി സര്‍ക്കാരിനു കൈമാറി. പക്ഷേ കമ്മറ്റിയുടെ പ്രവര്‍ത്തനത്തിന് ഫണ്ടില്ലാത്തത് പ്രതിബന്ധമാകുകയാണ്.