യുജിസി ചട്ടം വകവയ്ക്കാതെ തോന്നിയപോലെ യോഗ്യത നിശ്ചയിച്ച് സർക്കാർ. ഗവ. കോളേജുകളിലെ പ്രിൻസിപ്പൽ നിയമനം കുരുക്കിൽ ! പഠിപ്പിക്കാതെ സുഖവാസത്തിന് പോയ സംഘടനാ നേതാക്കളായ അദ്ധ്യാപകരുടെ ഡെപ്യൂട്ടേഷൻ യോഗ്യതയാക്കിയ ഉത്തരവ് നിയമവിരുദ്ധം. സർക്കാരിന് കോടതിയിൽ നിന്ന് അടുത്ത തിരിച്ചടി പ്രിൻസിപ്പൽ നിയമനത്തിന്

New Update

publive-image

തിരുവനന്തപുരം: സർക്കാർ കോളേജുകളിൽ കുട്ടികളെ പഠിപ്പിക്കാതെ ഡെപ്യൂട്ടേഷൻ എന്ന പേരിൽ മറ്റ് സ്ഥാപനങ്ങളിൽ ലാവണം തേടിപ്പോയവർക്ക് പ്രിൻസിപ്പൽ നിയമനത്തിന് അവസരമൊരുക്കാൻ യുജിസി ചട്ടം വകവയ്ക്കാതെ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് നിയമക്കുരുക്കിൽ.

Advertisment

ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിന് കോളേജുകളിൽ നിന്ന് മാറി മറ്റിടങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരുടെ സേവന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കുമെന്ന യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകിയത് പ്രിയാ വർഗ്ഗീസിന് അയോഗ്യത കൽപ്പിച്ച ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി.

കോളേജ് അദ്ധ്യാപകരുടെ ഇടത് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്, പട്ടാമ്പി സംസ്‌കൃത കോളേജിലെ മലയാളം അദ്ധ്യാപകൻ ഡോ. പി.പി. പ്രകാശന് പ്രിൻസിപ്പലായി നിയമനം നൽകുന്നതിനാണ് യോഗ്യത ഭേദഗതി ചെയ്തത്.


യുജിസി റഗുലേഷനിൽ ഇളവ് അനുവദിക്കാനോ ഭേദഗതി വരുത്താനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെയാണ്, മേയ് 23ന് ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കണമെന്ന ഭേദഗതി അഡി. ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.


15 വർഷം സർവീസും ഗവേഷണ ബിരുദവും യുജിസി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമെന്ന യുജിസി യോഗ്യത നേരത്തേ സംസ്ഥാനം അംഗീകരിച്ചിരുന്നതാണ്. 15 വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്തതിനാൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് പ്രകാശന്റെ അപേക്ഷ പരിഗണിച്ചിരുന്നില്ല. ഹയർസെക്കൻഡറി ഡയറക്ടറേറ്റിൽ അഞ്ചു വർഷം ഡെപ്യൂട്ടേഷനിലായിരുന്ന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

നാലു വർഷത്തിലേറെയായി അറുപത് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്. അധ്യാപന, ഗവേഷണ മേഖലകൾക്ക് പുറത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത കാലയളവ് പ്രിൻസിപ്പൽ നിയമനത്തിന് ഇതുവരെ പരിഗണിച്ചിരുന്നില്ല.

85 അപേക്ഷകരുണ്ടായിരുന്നതിൽ യോഗ്യതയുള്ളത് 44 പേർക്കു മാത്രമായിരുന്നു. പിഎസ്‌സിയുടെ ശുപാർശയിൽ നിയമന ഉത്തരവിറക്കാനിരിക്കെയാണ് സംഘടനാ നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ യോഗ്യതാ മാനദണ്ഡം ഭേദഗതി ചെയ്തത്.

യുജിസി നിർദ്ദേശിച്ച അത്രയും ഗവേഷണ പ്രസിദ്ധീകരണങ്ങളില്ലാത്തവരുടെ അപേക്ഷയും പുനപരിശോധിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സീനിയോരിറ്റി മാനദണ്ഡമാക്കി നിയമനത്തിന് സർക്കാർ ശ്രമിച്ചെങ്കിലും അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞതോടെയാണ്, യുജിസി റഗുലേഷൻ അംഗീകരിച്ചത്.

യുജിസി ചട്ടം പാലിക്കുമെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ഇതും വകവയ്ക്കാതെയാണ് യോഗ്യതയിളവ് വരുത്തിയത്.

Advertisment