കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനുള്ള നിര്‍ണായക കരുനീക്കങ്ങളുമായി ഡോ. ശശി തരൂര്‍ രംഗത്ത്. മുസ്ലിംലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണ ഉറപ്പിച്ചു. തരൂര്‍ നേതൃത്വത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാമെന്നും കണക്കുകൂട്ടല്‍. തരൂരും ജോസ് കെ മാണിയുമായുള്ള സൗഹൃദവും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലും കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ സുഗമമെന്നും വിലയിരുത്തല്‍. ചെന്നിത്തലയെയും വേണുഗോപാലിനെയും സുധാകരനെയും തള്ളി എന്‍എസ്എസും. കേരള രാഷ്ട്രീയത്തില്‍ അട്ടിമറി നീക്കങ്ങള്‍ക്ക് സാധ്യത !

New Update

publive-image

തിരുവനന്തപുരം:കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക കരുനീക്കങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ശശി തരൂര്‍ രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തില്‍ യുഡിഎഫിന്‍റെ നേതൃത്വത്തിലേയ്ക്ക് വരാന്‍ ലക്ഷ്യമിട്ടാണ് തരൂരിന്‍റെ തന്ത്രങ്ങള്‍.

Advertisment

ഇതിനു മുന്നോടിയായി മുസ്ലിംലീഗ് നേതൃത്വവുമായും എന്‍എസ്എസുമായും തരൂര്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. വരുന്ന ദിവസം പാണക്കാട്ടെത്തി ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി തരൂര്‍ നേരിട്ട് ചര്‍ച്ച നടത്തും.

ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടകനായി എന്‍എസ്എസ് ക്ഷണിച്ചിരിക്കുന്നത് ഡോ. ശശി തരൂരിനെയാണ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും തരൂരും തമ്മിലുള്ള പുതിയ സൗഹൃദത്തിന്‍റെ തുടക്കമായി മാറും ഈ വര്‍ഷത്തെ മന്നം ജയന്തി.


മുസ്ലിംലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണ ഉറപ്പിക്കാനായാല്‍ യുഡിഎഫില്‍ അത് നിര്‍ണായകമാണ്. മുസ്ലിംലീഗ് യുഡിഎഫിലെ രണ്ടാമത് ഘടകകക്ഷിയും എന്‍എസ്എസ് ലീഗിനൊപ്പം തന്നെ യുഡിഎഫ് പരിഗണിക്കുന്ന അനൗദ്യോഗിക മുഖ്യ ഘടകകക്ഷിയുമാണ്.


ഈ രണ്ട് സംഘടനകളുടെയും മനസ് നിലവില്‍ തരൂരിനൊപ്പമാണ്. ലീഗും എന്‍എസ്എസും ഒന്നിച്ചു നിലപാടെടുത്താല്‍ കോണ്‍ഗ്രസിന് പിന്നെ വഴങ്ങാതെ തരമില്ല. ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നതും അതുതന്നെയാണ്.

കാരണം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും തരൂരിന് പിന്തുണ ലഭിക്കില്ല. മുഖ്യമന്ത്രി സ്ഥാനമോഹികള്‍ കോണ്‍ഗ്രസില്‍ നിലവില്‍ മൂന്നു പേരാണ്. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ സുധാകരന്‍. പക്ഷേ മുന്നണി തിരിച്ചുവരണമെങ്കില്‍ ഈ മൂന്നു പേരുടെയും നേതൃത്വം കൊണ്ട് കഴിയില്ലെന്ന് ലീഗിനറിയാം.

വി.ഡി സതീശന്‍-തരൂര്‍ ടീം നയിക്കട്ടെ എന്നതാണ് ലീഗിന്‍റെ ലൈന്‍. കെ സുധാകരനും രമേശ് ചെന്നിത്തലയ്ക്കും ലീഗിന്‍റെയും എന്‍എസ്എസിന്‍റെയും പിന്തുണയില്ല. വി.ഡി സതീശനെയും എന്‍എസ്എസിന് താല്‍പര്യമില്ല. കെ.സി വേണുഗോപാലിന് കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നൊരു സ്വീകാര്യത ലഭിക്കുമെന്ന് എന്‍എസ്എസിന് വിശ്വാസമില്ല. ലീഗിനും അങ്ങനെതന്നെ.

അവശേഷിക്കുന്ന പോംവഴിയായി ലീഗും എന്‍എസ്എസും കാണുന്നത് തരൂരിനെയാണ്. തരൂരിന്‍റെ വമ്പിച്ച ജനപിന്തുണ കേരളത്തില്‍ വന്‍ തിരിച്ചുവരവിന് സഹായകരമായിരിക്കുമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. മുമ്പ് തരൂരിനെ പരസ്യമായി എതിര്‍ത്ത സുകുമാരന്‍ നായരുടെ ചുവടുമാറ്റമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം

ശശി തരൂരിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും ഒരുകൂട്ടം യുവനേതാക്കള്‍ തരൂരിനൊപ്പമാണ്. എംകെ രാഘവന് പുറമെ മറ്റ് രണ്ട് എംപിമാരുടെ പിന്തുണയും തരൂരിനുണ്ട്. പക്ഷേ ഹൈക്കമാന്‍റ് നിലപാടും തരൂരിനെതിരായിരിക്കും. പ്രത്യേകിച്ചും തലപ്പത്ത് കെ.സി വേണുഗോപാലിനെപ്പോലുള്ളവര്‍. അതിനാലാണ് ഘടകകക്ഷികളെ ഒപ്പം നിര്‍ത്തിയുള്ള തരൂരിന്‍റെ നീക്കം.


മറ്റൊരു പ്രധാന സാധ്യത ശശി തരൂരിന് കേരള കോണ്‍ഗ്രസ് - എം നേതാവ് ജോസ് കെ മാണിയുമായുള്ള അടുത്ത വ്യക്തിബന്ധമാണ്. തരൂര്‍ നായകനായെത്തിയാല്‍ കേരള കോണ്‍ഗ്രസ് - എമ്മിനെ തിരികെ കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.


വി.ഡി സതീശനുമായും ജോസ് കെ മാണിക്ക് എതിരില്ല. ഒപ്പം ജോസ് കെ മാണിയുമായി കുടുംബപരമായ സൗഹൃദമുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ കൂടിയായാല്‍ കേരള കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് അസാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.

ഇത്തരം സാധ്യതകളും ഘടകകക്ഷികളുടെ പിന്തുണയും മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും അവഗണിക്കാനാകാത്ത ശക്തിയായി മാറുകയാണ് ശശി തരൂര്‍ ലക്ഷ്യം വയ്ക്കുന്നത്.

Advertisment