Advertisment

പരീക്ഷാഫലവും ബിരുദ സർട്ടിഫിക്കറ്റുമില്ലാതെ ആയിരക്കണക്കിന് കുട്ടികൾ സ‌ർവകലാശാല കയറിയിറങ്ങുന്നു. എന്നിട്ടും സാങ്കേതിക സർവകലാശാല പറയുന്നു - ഇവിടെ ഒരു കുഴപ്പവുമില്ലെന്ന് ! 20 പരീക്ഷകളുടെ ഫലങ്ങൾ കെട്ടിക്കിടക്കുന്നു. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ ശേഷം ഒറ്റ ഫലം പോലും പ്രസിദ്ധീകരിച്ചിട്ടില്ല ! ഗ്രേഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകാനുള്ള ഫയൽ ഒരാഴ്ചയിലേറെയായി പ്രോ വൈസ്ചാൻസലർ പിടിച്ചുവച്ചിരിക്കുന്നു. കുട്ടികളെ മറന്ന് രാഷ്ട്രീയക്കളിയിൽ സാങ്കേതിക സർവകലാശാല

New Update

publive-image

Advertisment

തിരുവനന്തപുരം: ബിരുദ സർട്ടിഫിക്കറ്റിനായി നിത്യേന നിരവധി വിദ്യാർത്ഥികൾ സർവകലാശാലയിൽ കയറിയിറങ്ങുകയും വൈസ്ചാൻസലർക്ക് ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പുവയ്ക്കാനുള്ള ഡിജിറ്റൽ സിഗ്നേച്ചർ പോലും നൽകാതെ ഉദ്യോഗസ്ഥർ നിസഹകരിക്കുകയും ചെയ്യുന്നതിനിടെ, സർവകലാശാലയിൽ യാതൊരു ഭരണസ്തംഭനവുമില്ലെന്ന് സാങ്കേതിക സർവകലാശാലാ സിൻഡിക്കേറ്റ് വാർത്താക്കുറിപ്പിറക്കി.

സർവകലാശാലാ ഭരണം സംബന്ധിച്ച ആക്ഷേപങ്ങൾക്ക് വാർത്താക്കുറിപ്പിലൂടെ മറുപടി നൽകേണ്ടത് വൈസ്ചാൻസലറോ വി.സിയുടെ നിർദ്ദേശപ്രകാരം രജിസ്ട്രാറോ പരീക്ഷാ കൺട്രോളറോ ആണ്. സിൻഡിക്കേറ്റിനോ സ്ഥിരം സമിതിക്കോ വിശദീകരണക്കുറിപ്പുകൾ ഇറക്കാൻ അധികാരമില്ലെന്നിരിക്കെയാണ് അസാധാരണ നടപടി.

ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയി, ടെക്നോളജി സർവകലാശാലാ വി.സി സജി ഗോപിനാഥ് എന്നിവരെ വി.സിയുടെ ചുമതല നൽകാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത് നിരസിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ സിസാ തോമസിന് ഗവർണർ ചുമതല നൽകിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്.

സിസാ തോമസ് ചുമതലയേറ്റതു മുതൽ ഒരു വിഭാഗം ജീവനക്കാരും വിദ്യാർത്ഥികളും വിസിയുടെ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തുകയാണ്. സിസാതോമസിന്റെ നിയമനത്തിനെതിരായ സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.


ഇക്കൊല്ലം വിജയിച്ചവർക്കെല്ലാം പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ പോർട്ടലിൽ സൗകര്യമൊരുക്കിയെന്നും 90 ശതമാനത്തോളം പേർക്കും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഓഗസ്റ്റിൽ തന്നെ നൽകിയെന്നുമാണ് വാർത്താക്കുറിപ്പിലുള്ളത്.


കുറിപ്പിലെ മറ്റ് വിവരങ്ങൾ: ബിരുദ സർട്ടിഫിക്കറ്റുകൾ അപേക്ഷിച്ച് 45 ദിവസത്തിനകം നൽകണമെന്നാണ് സർവകലാശാല തീരുമാനിച്ചിട്ടുള്ളത്. ഡോ. എം.എസ്. രാജശ്രീ വൈസ് ചാൻസലറായിരുന്ന കാലയളവിൽ അപേക്ഷിച്ച 4158 വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിട്ടുണ്ട്.

ഇതിനു ശേഷം ലഭിച്ച അപേക്ഷകളിൽ സൂക്ഷ്മപരിശോധന നടക്കുകയാണ്. വിവിധ സെമെസ്റ്ററുകളിലെ സപ്ലിമെന്ററി പരീക്ഷകളിൽ വിജയിച്ചവർക്ക് ബോർഡ് ഒഫ് ഗവേണൻസിന്റെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ബിരുദ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനാവൂ. അവസാന വർഷ എം.സി.എ. പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ അക്കാഡമിക് കൗൺസിൽ അംഗീകാരം ലഭിച്ചാലുടൻ പോർട്ടലിൽ ലഭ്യമാക്കും.

സെമസ്റ്റർ പരീക്ഷകളുടെ മൂല്യനിർണയം നാൽപ്പതോളം കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പുകളിൽ പൂർത്തിയാവുകയാണ്. 80% പൂർത്തിയായി. നവംബർ അവസാന വാരം ഫലം പ്രസിദ്ധീകരിക്കും. മൂല്യനിർണ്ണയം പൂർത്തിയായ എല്ലാ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം, ബിരുദ സർട്ടിഫിക്കറ്റിനായി വിദ്യാർത്ഥികൾ സർവകലാശാലയിൽ കയറിയിറങ്ങുകയാണ്. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് വിദേശത്ത് ജോലിക്ക് സ്വീകരിക്കില്ല. മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും ബിരുദ സർട്ടിഫിക്കറ്റ് നിർബന്ധമായും ആവശ്യപെടുന്നുണ്ട്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിന് ആറു മാസത്തെ കാലാവധിയേയുള്ളൂ.

വിസിക്ക് ബിരുദസർട്ടിഫിക്കറ്റുകളിൽ ഡിജിറ്റൽ ഒപ്പിടാനുള്ള സൗകര്യം സജ്ജമാക്കിയിട്ടില്ല. ഫയലുകളും നൽകുന്നില്ല. എന്നാൽ യഥാർത്ഥ സ്ഥിതി ഇതാണ്- ഡോ.എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ ശേഷം ഒരു പരീക്ഷയുടെ ഫലം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. ഇരുപത് പരീക്ഷകളുടെ ഫലങ്ങൾ തയ്യാറാണെങ്കിലും വാഴ്സിറ്റിയുടെ അംഗീകാരം ലഭിക്കാത്തതിനാൽ പ്രസിദ്ധീകരിക്കാനായിട്ടില്ല.

എം.സി.എ, എൻജിനിയറിംഗ് അടക്കം 7 പരീക്ഷകളുടെ ഗ്രേഡ് സർട്ടിഫിക്കറ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും നൽകാനുള്ള ഫയൽ ഒരാഴ്ചയിലേറെയായി പ്രോ വൈസ്ചാൻസലറുടെ പക്കലാണ്. ബിരുദ സർട്ടിഫിക്കറ്റുകൾ നൽകുന്നത് വൈസ്ചാൻസലറുടെ ഉത്തരവു പ്രകാരമാണ്. ഇത് അടുത്ത ബോർഡ് ഓഫ് ഗവേണൻസ് യോഗത്തിൽ വച്ച് ക്രമപ്പെടുത്തുകയാണ് പതിവ്. എന്നാൽ വി.സിയെ ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചതിനാൽ ഇത് നടക്കുന്നില്ല.

Advertisment