Advertisment

തരൂരിനെ വിലക്കാനില്ല, ഒപ്പം നിർത്തും. എന്നാൽ ഉമ്മൻ ചാണ്ടിയും കെപിസിസി പ്രസിഡണ്ടുമാരും പാലിക്കുന്ന പ്രോട്ടോക്കോൾ തരൂരിനും ബാധകമാക്കും. സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് പോലും വിളിച്ചാൽ എത്താത്ത തരൂരിന് കേരളത്തിൽ സജീവമാകാൻ പെട്ടെന്നുണ്ടായ 'ഉൾവിളി' എന്തെന്ന കാര്യത്തിൽ ആശയക്കുഴപ്പം ?

New Update

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ശശി തരൂരിനെ പാർട്ടി അച്ചടക്കം ഓർമ്മിപ്പിച്ച് നിയന്ത്രിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം. പാർട്ടി അച്ചടക്ക സമിതിയെ മുൻനിർത്തിയാണ് തരൂരിൻെറ ഒറ്റയാൻ നീക്കങ്ങൾക്ക് തടയിടാൻ നേതൃത്വം ശ്രമിക്കുന്നത്.

ഇതിൻെറ ചുവട് പിടിച്ചാണ് പാർട്ടിയുടെ സംവിധാനങ്ങൾക്കും രീതിക്കും വിധേയമായിവേണം പ്രവർത്തിക്കാനെന്ന് ആവശ്യപ്പെട്ട് ശശിതരൂരിന് കത്ത് നൽകാൻ അച്ചടക്ക സമിതി ശുപാർശ ചെയ്തത്. പരിപാടികൾക്ക് പോകുന്നതിൽ നിന്നോ ക്ഷണം സ്വീകരിക്കുന്നതിൽ നിന്നോ തരൂരിനെ വിലക്കാൻ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ഉദ്ദേശമില്ല.

അത്തരം നടപടികൾ തരൂരിൻെറ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. കോഴിക്കോട്ട പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസിനെ പിന്മാറ്റിയ ഇടപെടലാണ് തരൂരിൻെറ മലബാർ പര്യടനത്തിന് ഇത്രയധികം മാധ്യമശ്രദ്ധ കിട്ടിയതെന്ന് ഇപ്പോൾ നേതൃത്വം മനസിലാക്കുന്നുണ്ട്.


പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് തരൂരിനെ വിലക്കുന്നില്ലെങ്കിലും അതാത് സ്ഥലങ്ങളിലെ ഡി.സി.സിയെ അറിയിക്കണമെന്ന് നിബന്ധന വെയ്ക്കും. ഏറ്റവും പ്രധാന നേതാക്കൾ പോലും പാലിക്കുന്ന പാർട്ടിയുടെ ഈ വ്യവസ്ഥാപിത രീതി തരൂരും പാലിച്ചേ മതിയാകൂ എന്നാണ് അച്ചടക്ക സമിതി ചൂണ്ടിക്കാട്ടുന്നത്.


ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളെ അറിയിക്കാതെ പരിപാടികൾക്ക് പോയതാണ് പാർട്ടി നേതാക്കളിൽ നിന്ന് മലബാർ പര്യടനം സമാന്തര പ്രവർത്തനം ആണെന്ന വിമർശനം ഉയരാൻ കാരണമെന്നാണ് അച്ചടക്ക സമിതിയുടെ വിലയിരുത്തൽ.

അതുകൊണ്ടാണ് സംസ്ഥാന നേതൃത്വത്തിൻെറ മനസ് അറിഞ്ഞെന്നപോലെ ശശി തരൂരിന് കത്ത് നൽകണമെന്ന് അച്ചടക്ക സമിതി ശുപാർശ ചെയ്യാൻ കാരണം. തരൂരിനെ പാർട്ടി ചട്ടക്കൂടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമ്പോഴും അദ്ദേഹത്തിൻെറ നീക്കങ്ങൾ പാർട്ടിയിലും സമൂഹത്തിലും ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് നേതൃത്വം തിരിച്ചറിയുന്നുണ്ട്.

അതിനെ ശശി തരൂർ ഏത് തരത്തിൽ സമീപിക്കുമെന്നാണ് അവർ ഉറ്റുനോക്കുന്നത്. തരൂരിൻെറ മലബാർ പര്യടനത്തെകുറിച്ച് ലഭിച്ച പരാതികളാണ് അദ്ദേഹത്തെ പാർട്ടിയുടെ വരുതിയിൽ കൊണ്ടുവരാനുളള

നീക്കത്തിന് വഴിയൊരുക്കിയത്.


സമാന്തര പ്രവർത്തനത്തിനോ ഗ്രൂപ്പ് ഉണ്ടാക്കാനോയില്ലെന്ന് തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ആണയിടുമ്പോഴും പൊടുന്നനെ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവം ആകാനുളള ഉൾവിളി എങ്ങനെ ഉണ്ടായി എന്നതാണ് സംസ്ഥാന നേതൃത്വത്തിൻെറ ചോദ്യം.


ദേശിയ-സംസ്ഥാന നേതൃത്വം ഇത്തരത്തിൽ ഒരു ആവശ്യം മുന്നോട്ടുവെച്ചിട്ടില്ല. നേരത്തെ അറിയിച്ചാൽ പോലും സംസ്ഥാനത്തെ അത്യാവശ്യ പരിപാടികൾക്ക് എത്താത്ത തരൂർ ദിവസങ്ങൾ തന്നെ മലബാർ പര്യടനത്തിന് മാറ്റിവെച്ചതും സംശയങ്ങൾക്ക് ഇടനൽകി.

അച്ചടക്ക സമിതിയുടെ ഇടപെടലോടെ തരൂരിനെ നിയന്ത്രിക്കാൻ ശ്രമിക്കും എന്ന സൂചന നല്കുന്ന പ്രതികരണങ്ങൾ പരസ്യമായിതന്നെ നൽകുന്നുണ്ട്. പാർട്ടി ഘടകങ്ങളെ അറിയിച്ചുവേണം പരിപാടികളിൽ പങ്കെടുക്കാനെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം ഇതിൻെറ ഉദാഹരണമാണ്.

എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ അവസരമുളള പാർട്ടിയാണ് കോൺഗ്രസ്.  എന്നാൽ പാർ‌ട്ടിയുടെ സംവിധാനത്തിനകത്ത് നിന്ന് കാര്യങ്ങൾ ചെയ്യണം എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡൻറ് വര വരച്ചാൽ ആരും പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് പുറത്തപോകില്ലെന്ന് കെ. മുരളീധരനും പറഞ്ഞു.


മറ്റ് കാര്യങ്ങൾക്ക് അവധി കൊടുത്ത് കേന്ദ്ര സംസ്ഥാന ഭരണത്തിനെതിരെ സമരരംഗത്തിറങ്ങണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എന്നാൽ അച്ചടക്കത്തിന് നിർവചനം വേണമെന്നും ഏറ്റകുറച്ചിൽ പാടില്ലെന്നുമുളള പ്രതികരണവുമായി എം.കെ.രാഘവൻ എംപി കെ.മുരളീധരന് മറുപടി നൽകി.


തരൂരിൻെറ മലബാർ പര്യടനത്തിന് ചുക്കാൻ പിടിച്ച നേതാവാണ് എം.കെ. രാഘവൻ. തരൂരിൻെറ നീക്കങ്ങൾ നേതാക്കൾക്കിടയിലും ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന വേറെയും പ്രതികരണങ്ങൾ വരുന്നുണ്ട്.  തരൂരിൻെറ കോഴിക്കോട്ടെ പരിപാടി റദ്ദാക്കിയത് ശരിയായില്ലെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അഭിപ്രായപ്പെട്ടു.

ആശയവിനിമയത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ വിഷയം വിവാദമാക്കിയത് മാധ്യമങ്ങളാണെന്നാണ് ഹസൻെറ പ്രതികരണം. തരൂർ വിവാദത്തിനിടെ കോഴിക്കോടെത്തിയ കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കാര്യമായ പ്രതികരണത്തിന് മുതിർന്നില്ല.

തരൂരിൻെറ പരിപാടി വിലക്കിയതിനെതിരെ പരാതി നൽകിയ എം.കെ.രാഘവൻ താരിഖ് അൻവറിനെ കണ്ടും നേരിട്ട് പരാതി ഉന്നയിച്ചിട്ടുണ്ട്. ദേശിയ നേതൃത്വം പ്രശ്നത്തിൽ ഇടപെടണമെന്നാണ് തരൂരും അദ്ദേഹത്തെ അനുകൂലിക്കുന്ന നേതാക്കളും ആഗ്രഹിക്കുന്നത്.


എന്നാൽ സംഘടനാ ചട്ടക്കൂടിന് വെളിയിൽ കടന്നുളള നീക്കങ്ങളെ പിന്തുണക്കാനാകില്ലെന്നാണ് ദേശിയ നേതാക്കളുടെ നിലപാട്.


ശശി തരൂരിനെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടി അറിയിക്കാത്തതിന് എതിരെ കെ.പി.സി.സിക്ക് പരാതി നൽകാനാണ് കോട്ടയം ഡി.സി.സി നേതൃത്വത്തിൻെറ തീരുമാനം.

ജില്ലയിൽ നടക്കുന്ന പരിപാടി ഡി.സി.സിയെ അറിയിക്കണമെന്ന കീഴ് വഴക്കം എല്ലാവനരും പാലിക്കണെമെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

Advertisment