/sathyam/media/post_attachments/ADDbPzoLOdv212Tc9PsF.jpg)
തിരുവനന്തപുരം: പെരിങ്ങമലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരിങ്ങമല സ്വദേശി നാസില ബീഗമാണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു കൊലപാതകം. കൊലയ്‌ക്ക് പിന്നാലെ ഭർത്താവ് അബ്ദുൾ റഹീം ഒളിവിൽപ്പോയതായാണ് വിവരം.
ഇയാൾക്കായി പോലീസ് അന്വേഷണം കടുപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. വ്യാഴാഴ്‌ച്ച രാവിലെ നാസിലയുടെ അമ്മയാണ് സംഭവം ആദ്യം കാണുന്നത്. തുടർന്ന് നാട്ടുകാരേയും പോലീസിനേയും വിവരമറിക്കുകയായിരുന്നു.
പാലോട് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാസിലയ്‌ക്ക് കുത്തേറ്റ വിവരം അടുത്ത് കിടന്ന 13 വയസ്സുകാരി മകളും അറിഞ്ഞില്ല. ബുധനാഴ്‌ച്ച രാത്രി നാസിലയ്‌ക്കും അമ്മയ്‌ക്കും മകൾക്കും റഹീം മിഠായി നൽകിയാതായി പറയുന്നുണ്ട്. ഇതിൽ ഉറക്കഗുളിക കലർത്തിയതായും സംശയിക്കുന്നുണ്ട്.
നാസിലയുടെ കഴുത്തിലും നെഞ്ചിലും കുത്തേറ്റ പാടുകളുണ്ട്. നെഞ്ചിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലാർക്കാണ് അബ്ദുൾ റഹീം.
ഇയാൾ അമിത മദ്യപാനിയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മദ്യപാനം കുറയ്‌ക്കുന്നതിനായി ഇയാൾ ചികിത്സയിലായിരുന്നു. നാസിലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.