/sathyam/media/post_attachments/sEVQUVyFbr8XdG4xbJfI.jpg)
തൃശ്ശൂർ: പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, ഡാമിന്റെ ജലവിതാന നിരപ്പ് 424 മീറ്ററിൽ എത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അധിക ജലം ഉടൻ ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വരുന്നതാണ്. അധിക ജലം ഒഴുക്കിവിടുമ്പോൾ ചാലക്കുടി പുഴ കരകവിഞ്ഞ് ഒഴുകാൻ സാധ്യതയുണ്ട്.
ഇതിനെ തുടർന്ന് ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്.
അതിശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കാനും, സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.