ഗുരുവായൂരിൽ തുലാഭാരത്തിന് തട്ടിൽപ്പണം രസീതിലൂടെ ഇടാക്കുന്നതായി ആക്ഷേപം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഗുരുവായൂർ: ഒരു ഭക്തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് വൈറലായതോടെ തട്ടിൽപ്പണത്തെച്ചൊല്ലി ഗുരുവായൂർ ദേവസ്വം വെട്ടിലായി. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നായ തുലാഭാരത്തിന് ഭക്തരിൽ നിന്നും നിർബന്ധപൂർവ്വം ദേവസ്വം രസീതിൽ രേഖപ്പെടുത്തി ആളൊന്നിന് നൂറു രൂപ വീതം തട്ടിൽപ്പണം ഈടാക്കുന്നതായാണ് രസീത് രേഖയായി കാണിച്ച് ബിജു മാരാത്ത് എന്ന ഗുരുവായുർ സ്വദേശി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

മെയ് 8ന് ഗുരുവായൂരിൽ തുലാഭാരം വഴിപാട് നടത്തിയ ഉമാശങ്കർ, ശിവശങ്കർ എന്നിവർക്ക് നൽകിയ രസീതിൽ ആണ് തട്ടിൽപ്പണം പ്രത്യേകം രേഖപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ടത്. കാലങ്ങളായി ഈ തട്ടിപ്പ് ദേവസ്വത്തിന്റെ അറിവോടെ നടക്കുന്നതായി പറയപ്പെടുന്നു.

തുലാഭാരത്തട്ടിൽ ഇരിയ്ക്കുന്ന ഭക്തന്റെ തൂക്കത്തിനനുസരിച്ചുള്ള വഴിപാട് ദ്രവ്യങ്ങൾക്കുള്ള തുക ഈടാക്കുന്നതിനു പുറമെയാണ് 100 രൂപ തട്ടിൽപ്പണമായി ഭക്തർ ദേവസ്വത്തിനു നൽകേണ്ടിവരുന്നത്.

ഭക്തൻ യഥേഷ്ടം, യഥാശക്തി ദക്ഷിണയായി സമർപ്പിയ്ക്കാറുള്ളതാണ് തട്ടിൽപ്പണം. എന്നാൽ വളരെക്കാലമായി ഈ തുക ഭക്തരിൽ നിന്നും നിർബന്ധപൂർവ്വം ഈടാക്കി ദേവസ്വം, തുലാഭാരക്കരാറുകാരന് നൽകുന്നുവെന്ന അഴിമതി ആരോപണം നിലനിനിൽക്കുന്നുണ്ട്.

തുലാഭാരം നടക്കുന്നയിടത്തെ ജീവനക്കാർ തുലാഭാരത്തട്ടിൽ പണം പറഞ്ഞുവയ്പ്പിക്കുന്ന കാഴ്ചയും ഗുരുവായൂരിൽ നടക്കുന്നതായി ബിജു മാരാത്ത് പറയുന്നു. തട്ടിൽപ്പണത്തിന്റെ പേരിൽ ഭക്തർ കബളിപ്പിക്കപ്പെടുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തിൽ ദേവസ്വത്തിനു ഓരോമാസവും വരുമാനം.

അമ്പതു രൂപയിൽ കുറവ് തട്ടിൽ വെച്ചാൽ കരാറുകാരുടെ കൂട്ടാളികൾ പിന്നാലെ വന്ന് ആക്ഷേപിക്കുന്നതും പതിവാണത്രെ. മുമ്പ് വഴിപാട് തുകയുടെ ഇത്ര ശതമാനം തങ്ങൾക്ക് തന്നാൽ മതി എന്ന തരത്തിലാണ് കരാർ ഏറ്റെടുത്തു നടത്തിയിരുന്നത്.

കഴിഞ്ഞ കുറെയേറെ വർഷങ്ങളായി കരാറുകാർ ദേവസ്വത്തിലേക്ക് അങ്ങോട്ടു പണം കൊടുത്ത് കരാർ സംഘടിപ്പിക്കുന്ന രീതിയാണ്. ദേവസ്വത്തിലേയ്ക്ക് കരാറെടുക്കാൻ നൽകിയ തുകയും ലാഭവും നേടാൻ അക്ഷരാർത്ഥത്തിൽ ഭക്തരിൽനിന്നും പിടിച്ചുപറിയാണ് ഇവിടെ നടക്കുന്നതെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു.

തുലാഭാരത്തട്ടിൽ ഭക്തർ ഉഴിഞ്ഞുവെക്കുന്ന പണം പോകേണ്ടത് ഭഗവാന്റെ ഭണ്ഡാരത്തിലേക്കാണ്. മുൻപ് ഇങ്ങനെ വരുന്ന പണം എടുത്ത് ഭണ്ഡാരത്തിൽ ഇടാൻ ഒരു കാവൽക്കാരനെ നിർത്തിയിരുന്നു.

ടി തുക ഇത്ര അധികം സുരക്ഷാ ഉദ്യോഗസ്ഥർ ഇരിക്കെ നടത്തിപ്പുകാർ മോഷ്ടിക്കുന്നുവെങ്കിൽ, ഒത്താശ ചെയ്തു കൊടുത്ത് പങ്കു പറ്റാൻ ഉദ്യോഗസ്ഥരും ഇതിനുപിന്നിൽ ഉണ്ടെന്ന് ഉറപ്പ്. ഇരുപത് രൂപ തട്ടിൽ വെച്ചതിന് കരാറുകാരന്റെ ജീവനക്കാരൻ ഭക്തനെ അപമാനിച്ച സംഭവം ബിജു ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേവസ്വം അറിഞ്ഞുകൊണ്ടു നടക്കുന്ന ഇത്തരം പകൽക്കൊള്ളയ്ക്കെതിരെ ഭക്തസമൂഹം പ്രതികരിയ്ക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. ഇതിനോടകം ഫെയ്‌സ്‌ബുക്കിലെ ഹൈന്ദവ ആധ്യാത്മിക ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബിജു മാരാത്തിന്റെ പോസ്റ്റിനെ അനുകൂലിച്ച് ദേവസ്വത്തിനെതിരെ ഭക്തരുടെ കടുത്ത പ്രതിഷേധം ഉയർന്നു തുടങ്ങിയിട്ടുണ്ട്.

Advertisment