തിരൂുവനന്തപുരം: 2000 ഒക്ടോബര്‍ 21 നായിരുന്നു കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ മദ്യ ദുരന്തം. 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച പോയി. 150 പേരാണ് അന്നു മദ്യ ദുരന്തത്തില്‍ പെട്ട് ചികിത്സ തേടിയത്. കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു.
കൂടുതല്‍ പേരെയും തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ് എത്തിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തെ ഞെട്ടിച്ച് ആ വാര്‍ത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു.
വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളുപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി.
വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണം ചെയ്യുകയായിരുന്നു. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്.
മണിച്ചനെതിരെ 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും ശിക്ഷ വിധിച്ചു.
ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതിയെന്നും ജീവപര്യന്തം ജീവിതാവസാനം വരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയില്‍ എടുത്തുപറഞ്ഞിരുന്നു.
പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മണിച്ചന്‍ പലവട്ടം പോയെങ്കിലും ഫലമുണ്ടായില്ല. മണിച്ചന്റെ സഹോദരങ്ങള്‍ക്ക് ശിക്ഷയിളവ് കിട്ടി. ഹൈറുന്നീസ തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചു.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.
അന്ന് ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും കാരണണായ കേസായിരുന്നു കല്ലുവാതുക്കല്‍ ദുരന്തം. ആഭ്യന്തര വകുപ്പും എക്‌സൈസും പരാജയപ്പെട്ടപ്പോള്‍ നായനാര്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ കളങ്കമായി ഇത് മാറി.
മാസപ്പടി കണക്കുകള്‍ കൂടി പുറത്ത് വന്നതോടെ രാഷ്ട്രീയ മദ്യ മാഫിയകള്‍ തമ്മിലെ അഭേദ്യ ബന്ധവും പുറത്തായി. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സിപിഎം നേതാക്കള്‍ക്കും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തി. ഇതും വലിയ വിവാദമായി.
22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന്‍ പുറത്തേക്ക്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അകത്തായ മണിച്ചന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് പുറത്തേക്ക്. പുറത്തുവരുന്ന മണിച്ചന് എന്താകും പറയാനുണ്ടാകുക. കേരള രാഷ്ട്രീയത്തെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുണ്ടാകുമോ ? കാത്തിരിക്കാം.