തിരുവനന്തപുരം: കെ.കെ രമയ്‌ക്കെതിരായ എം.എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. എം.എം മണി അണ്‍പാര്‍ലമെന്ററിയായി ഒന്നും പറഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. മഹതി, വിധവ എന്നീ വാക്കുകള്‍ അണ്‍പാര്‍ലമെന്ററി അല്ലെന്നാണ് വി.എന്‍ വാസവന്‍ വിശദീകരിക്കുന്നത്. എം.എം മണി പറഞ്ഞത് തെറിയോ ചീത്തയോ അല്ല. ചിലസമയത്ത് അദ്ദേഹം ബെല്ലും ബ്രേക്കുമില്ലാതെ ചിലത് പറയാറുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളെ വളരെ ആദരവോടെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദമാണ് മഹതിയെന്ന് വി.എന്‍ വാസവന്‍ പറയുന്നു. മഹതി എന്ന് വിളിക്കുന്നത് നല്ല സംസ്‌കാരത്തിന്റെ ഭാഗമാണ്. വിധവ എന്നതും അണ്‍പാര്‍ലമെന്ററി അല്ലെന്നും നാടന്‍ പ്രയോഗമെന്ന നിലയിലാണ് മണി അത് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും സ്പീക്കറും പറഞ്ഞതില്‍ കൂടുതലായി തനിക്ക് ഒന്നും പറയാനില്ലെന്നും വി.എന്‍ വാസവന്‍ പറഞ്ഞു