തിരുവനന്തപുരം: താലൂക്ക് സർവേയർ വിജിലൻസ് പിടിയിൽ. താലൂക്ക് സർവേയർ ഗിരീഷാണ് വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ അബ്ദുൽ വാഹിദിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗിരീഷ് പിടിയിലായത്.
അബ്ദുൽ വാഹിദിന് മുരുക്കുംപുഴയിലുള്ള രണ്ട് ഏക്കർ പുരയിടത്തിൽ ഒരേക്കർ പുരയിടം ഇയാൾ ഗൾഫിലായിരുന്ന സമയത്ത് 35 വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ട സഹോദരിയുടെ മകന്റെ പേരിലേക്ക് മാറ്റിയിരുന്നു. തിരികെ നാട്ടിലെത്തിയ അബ്ദുൽ വാഹിദ് ഭൂമി തിരികെ തന്റെ പേരിലാക്കുന്നതിനു കളക്ടർക്ക് അപേക്ഷ കൊടുത്തിരുന്നു. തുടർന്ന്, കളക്ടർ താലൂക്ക് സർവേയറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
താലൂക്ക് സർവേ ഓഫീസിലെത്തി അബ്ദുൽ വാഹിദ് കാര്യം തിരക്കിയപ്പോൾ ഫയൽ താലൂക്ക് സർവേയറായ ഗിരീഷിന്റെ പക്കലാണെന്നു മനസിലായതിനെ തുടർന്ന്, പലപ്രാവശ്യം ഗിരീഷിനെ കണ്ടെങ്കിലും വിവിധ കാരണം പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം വീണ്ടും കണ്ടപ്പോൾ പതിനായിരം കൈക്കൂലി തന്നാൽ വേഗത്തിൽ ശരിയാക്കി തരാമെന്നു ഗിരീഷ് പറയുകയും അബ്ദുൽ വാഹിദ് വിവരം പൂജപ്പുര സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് പൊലീസ് സൂപ്രണ്ട് കെ.ഇ. ബൈജുവിനെ അറിയിക്കുകയായിരുന്നു.
കിഴക്കേകോട്ട ട്രാൻസ്പോർട്ട് ഭവനു സമീപം അബ്ദുൽ വാഹിദിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗിരീഷിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഡിവൈഎസ്പി എം. പ്രസാദ്, ഇൻസ്പെക്ടർ ഓഫ് സിയാഹുൽ ഹഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഗിരീഷിനെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.