/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഇനിമുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവി. ഹെഡ്‌മാസ്റ്ററിന് പകരം വൈസ് പ്രിന്‍സിപ്പല്‍ പദവിയായിരിക്കും ഇനിയുണ്ടാവുക. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തും. സ്കൂള്‍ ക്യാമ്ബസിലും ക്ളാസ് മുറികളിലും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വിദ്യാര്‍ത്ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും സ്വഭാവവൈകല്യങ്ങള്‍ക്കും കാരണമാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എ ഇ മാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരും. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം ചേരുന്നത്.
സംസ്ഥാന സ്കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് വച്ച് നടത്തും. പ്ളസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യഘട്ട അലോട്ട്മെന്റ് ഓഗസ്റ്റ് അഞ്ച് മുതല്‍ പത്ത് വരെ നടത്തും. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഒന്നാം ഘട്ടം ഈ വര്‍ഷം പൂര്‍ത്തായാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘വിദ്യാര്‍ത്ഥികളെ ക്ളാസ് സമയങ്ങളില്‍ മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകരുത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എല്‍പി, യുപി ക്ളാസുകളില്‍ ഇരുന്നൂറും ഹൈസ്കൂളില്‍ ഇരുന്നൂറ്റി ഇരുപതും അദ്ധ്യയന ദിവസങ്ങള്‍ ഉണ്ടായിരിക്കണം. കുട്ടികളെ കാണികളാക്കി മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കുന്നത് അദ്ധ്യയനസമയം നഷ്ടമാക്കും.
സ്കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. പൊതു സ്വീകാര്യതയും വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായതും ആയിരിക്കണം യൂണിഫോം. സ്കൂളിലെ പിടിഎ അടക്കമുള്ള മുഴുവന്‍ ആളുകള്‍ക്കും സ്വീകാര്യമാണെങ്കില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാം.
സൗകര്യമുള്ള സ്കൂളുകള്‍ അപേക്ഷ നല്‍കിയാല്‍ മിക്‌സഡ് സ്കൂളുകളാക്കാം. പിടിഎ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സമീപത്തെ സ്കൂളുകള്‍ അടക്കമുള്ളവരുടെ താത്പര്യം എന്നിവ പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക’- മന്ത്രി പറഞ്ഞു.