/sathyam/media/post_attachments/Oh3C4LEcdAS1eI2O7IOI.jpeg)
തിരുവനന്തപുരം: സേവന കാലാവധി പൂർത്തിയാക്കിയ ആലപ്പുഴ കെ 9 സ്‌ക്വാഡിലെ സീനിയർ ഡോഗ് ടാർസന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ യാത്രയപ്പ് നൽകി.
മൂന്നുമാസം പ്രായമുള്ളപ്പോഴാണ് ടാർസൻ ആലപ്പുഴ സ്ക്വാഡിൽ എത്തിയത്. ജില്ലാ പൊലീസ് ആസ്ഥാനത്തെ കെ 9 സ്‌ക്വാഡ് അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പൊലീസിനു വേണ്ടി ഡിഎച്ച്ക്യൂ ഡപ്യൂട്ടി കമൻഡാന്റ് വി.സുരേഷ് ബാബു, ടാർസനെ പൂമാല അണിയിച്ചു.
ശ്വാനസേനയിലെ 'സഹപ്രവർത്തകർ' വക ഗാർഡ് ഓഫ് ഹോണറും നൽകിയാണ് ടാർസനെ യാത്രയാക്കിയത്. പ്രധാനമന്ത്രിയുടേത് ഉൾപ്പെടെ നിരവധി സുരക്ഷ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. 2016 മൈസൂരുവിൽ നടന്ന നാഷനൽ മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ചു മികച്ച പ്രകടനം കാഴ്ചവച്ച് വെള്ളി മെഡൽ നേടിയിരുന്നു.
തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ‘വിശ്രാന്തി’ എന്ന പേരിൽ ഒരുക്കിയിരിക്കുന്ന റിട്ടയർമെന്റ് ഹോമിലാണ് ടാർസന്റെ ഇനിയുള്ള വിശ്രമ ജീവിതം. ചടങ്ങിൽ അസിസ്റ്റന്റ് കമൻഡാന്റ് സുദർശനൻ, ഡോഗ് സ്‌ക്വാഡ് ഇൻചാർജ് ജോർജുകുട്ടി, ഹാൻഡിലർമാരായ സന്ദീപ്, പ്രവീൺ, ഹരികുമാർ, ബോംബ് സ്‌ക്വാഡ് എസ്ഐ മൈക്കിൾ എന്നിവർ പങ്കെടുത്തു.