/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചരണത്തിനായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം സജ്ജമായി. 24 ഐസിയു കിടക്കകളും 8 ഹൈ ഡെപ്പന്റന്‍സി യൂണിറ്റ് കിടക്കകളും ഉള്‍പ്പെടെ ആകെ 32 ഐസിയു കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തില്‍ സജ്ജമാക്കിയിരിക്കുന്നത്.
10 വെന്റിലേറ്ററുകള്‍, 6 നോണ്‍ ഇന്‍വേസീവ് ബൈപാസ് വെന്റിലേറ്ററുകള്‍, 2 പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, 3 ഡിഫിബ്രിലേറ്ററുകള്‍, 12 മള്‍ട്ടിപാര മോണിറ്ററുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവയും പുതുതായി സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് ഈ ഐസിയു സംവിധാനം.
എസ്.എ.ടി. ആശുപത്രിയിലെ ഈ പുതിയ പീഡിയാട്രിക് ഐസിയു കുട്ടികളുടെ തീവ്രപരിചരണത്തില്‍ വളരെയേറെ സഹായിക്കും. നിലവില്‍ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോട് കൂടിയ പീഡിയാട്രിക് ഐസിയുവാണുള്ളത്.
ഇതുകൂടാതെയാണ് പുതുതായി 32 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു സജ്ജമായത്. ഇതോടെ 50 പീഡിയാട്രിക് ഐസിയു കിടക്കകളാണ് എസ്.എ.ടി. ആശുപത്രിയ്ക്ക് സ്വന്തമാകുന്നത്. ഇതുകൂടാതെ നവജാതശിശു വിഭാഗത്തില്‍ 54 ഐസിയു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷര്‍ സംവിധാനവും പുതിയ ഐസിയുവിലുണ്ട്.
കോവിഡ് പോലെയുള്ള വായുവില്‍ കൂടി പകരുന്ന പകര്‍ച്ചവ്യാധികള്‍ വെല്ലുവിളിയാകുന്ന ഈ കാലഘട്ടത്തില്‍ നെഗറ്റീവ് പ്രഷര്‍ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീ പരിചരണത്തില്‍ ഏറെ സഹായിക്കും.