/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: വയോധികയുടെ അഞ്ച് പവൻ മാല പൊട്ടിച്ചു കടന്ന കേസിലെ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയൻകീഴ് കീഴാറ്റിങ്കൽ ചരുവിള വീട്ടിൽ ബഷീർ മകൻ അക്ബർഷാ(45) ആലപ്പുഴ താമരക്കുളം റംസാൻ മൻസിലിൽ ജമാലുദ്ദീൻ മകൻ സജേഖാൻ എന്ന സഞ്ജയ് ഖാൻ (38) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 31 നാണ് സംഭവം. ചേപ്പാട് റെയിൽവേസ്റ്റേഷൻ റോഡിൽവച്ച് വായോധികയുടെ 5 പവൻ വരുന്ന മാലയാണ് പൊട്ടിച്ച് കടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന സ്ത്രീക്ക് ഒരു വിസിറ്റിംഗ് കാർഡ് നൽകി വഴി ചോദിച്ച ശേഷം മാല പൊട്ടിച്ചു കടക്കുകയായിരുന്നു.
കരീലകുളങ്ങര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരവേ പ്രതികൾ ഉപയോഗിച്ച പൾസർ ബൈക്ക് പാസ്പോർട്ട് ഓഫീസിൽ ഉദ്യോഗസ്ഥനായ എറണാകുളം സ്വദേശിയുടേതാണെന്ന് മനസ്സിലായത്.
തൃശൂർ രെജിസ്ട്രേഷൻ ഉള്ള വേറൊരു ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കിലാണ് പ്രതികൾ അവിടെ എത്തിയതെന്നും ആ രെജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും ആ ബൈക്ക് ഓഗസ്റ്റ് 30ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
വൃദ്ധയുടെ കയ്യിൽ നൽകിയ ഡിണ്ടിഗൽ ഉള്ള സ്ഥാപനത്തിന്റെ വിസിറ്റിംഗ് കാർഡ് പ്രതികളുടെ തമിഴ്നാട് ബന്ധം പോലീസ് സംശയിച്ചു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതികൾ പോലീസിന്റെ വലയിലായത്.
മുന്നൂറിൽ പരം സിസിറ്റിവി ദൃശ്യങ്ങളും നൂറിലധികം ലോഡ്ജുകളും തമിഴ്നാട്ടിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരെ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഇവർ മുൻപ് നിരവധി കേസുകളിൽ പ്രതികളാണ്. ബാബൂ കർട്ടൻ വിൽപ്പനയ്ക്ക് നടക്കുന്ന സജേഖാൻ അക്ബർഷായെ വിളിച്ചു വരുത്തിയ ശേഷം ഇരുവരും കൂടി ബസിൽ കൊട്ടാരക്കരയിലെത്തി ബൈക്ക് മോഷ്ടിച്ച ശേഷം സജേഖാന്റെ കൈവശം ഉണ്ടായിരുന്ന വ്യാജ്യ നമ്പറിന്റെ സ്റ്റിക്കർ ഒട്ടിച്ചു.
അതുമായി കൊച്ചിയിലെത്തി മറ്റൊരു ബൈക്ക് മോഷ്ടിയ്ക്കുകയായിരുന്നു. വടക്കൻ ജില്ലക്കാരാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതികൾ സമ്മതിച്ചതായി കരീലക്കുളങ്ങര പോലീസ് ഇൻസ്‌പെക്ടർ എം സുധിലാൽ പറഞ്ഞു.
പൊട്ടിച്ച മാല വിൽപ്പന നടത്തി തുക പങ്കിട്ട ശേഷം അക്ബർഷാ തമിഴ്നാട് ഏർവാടിയിലെത്തി താമസിക്കുമായിരുന്നു. അടുത്തൊരു പിടിച്ചുപറി പ്ലാനിട്ട് ഇരിക്കെയാണ് ഇരുവരെയും താമരക്കുളത്തുള്ള വാടക വീട്ടിൽ നിന്നും പോലീസ് പിടികൂടിയത്.
പ്രതികളെ ഹരിപ്പാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും നിലവിലുള്ള എല്ലാ സ്‌നാച്ചിങ് കേസ് പ്രതികളെയും പിടികൂടാൻ സാധിച്ചിട്ടുണ്ടെന്നും കായംകുളം ഡിവൈഎസ്.പി അലക്സ് ബേബി പറഞ്ഞു.
കരീലകുളങ്ങര സിഐ എം സുധിലാൽ, എസ്ഐ ഷമ്മി സ്വാമിനാഥൻ, പോലീസുദ്യോഗസ്ഥരായ ഗിരീഷ് എസ്‌ആർ, മണിക്കുട്ടൻ, സജീവ്, വിനീഷ്, ഇയാസ് ഇബ്രാഹിം, ഷാജഹാൻ, ദീപക്, വിഷ്ണു, അരുൺ എന്നിവരായിരുന്നു അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.