Advertisment

ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് തകർത്ത കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ടുകാർക്ക് വേണ്ടി ഇടപെട്ട് പോലീസുകാരൻ ! കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്ത് വനിതാ എഎസ്‌ഐ ! പോലീസിൽ പോപ്പുലർ ഫ്രണ്ട് ബന്ധമുള്ളവരെ കണ്ടെത്താൻ ഇന്റലിജൻസ് നിരീക്ഷണം

New Update

publive-image

Advertisment

തിരുവനന്തപുരം: പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ട് അടക്കം നിരോധിത തീവ്രവാദ സംഘടനകളുമായുള്ള ബന്ധം കണ്ടെത്താൻ നടപടി തുടങ്ങി പോലീസ് നേതൃത്വം.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പോലീസുകാരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇന്റലിജൻസ് വിഭാഗത്തെ ചുമതലപ്പെടുത്തി.

ഇവരുടെ ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പോലീസുദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ നേരത്തേ പോലീസ് മേധാവിക്ക് വിവരം നൽകിയിരുന്നു.

രാജ്യത്തു നിരോധിച്ച പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളുമായി ബന്ധമുള്ള പോലീസുകാരുടെ നീക്കങ്ങളാണ് പോലീസ് ഇന്റലിജൻസ്, സ്‌പെഷൽ ബ്രാഞ്ച് വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്. ഈ സംഘടനകൾക്കെതിരായ നീക്കങ്ങൾ പോലീസിൽ നിന്ന് ചോരുന്നത് തടയും.


പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ ഇടുക്കിയിൽ നിന്നടക്കം ചില അക്കൗണ്ടുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിൻവലിച്ചത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് പോലീസ് നിർദ്ദേശം നൽകുന്ന നടപടി വൈകിപ്പിച്ചതു കാരണമാണെന്ന് വിവരമുണ്ട്. ഇതേക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്.


പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പോലീസുകാരെ കണ്ടെത്തണമെന്നും രഹസ്യമായി ഒത്താശ ചെയ്യുന്നവരെ കണ്ടെത്താൻ നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ഏജൻസികൾ പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട കേസുകളിൽ ഇത്തരം ഉദ്യോഗസ്ഥർ ഇടപെടുന്നുണ്ടോ, നേരത്തെ ഇടപെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ ഫോൺ വിവരങ്ങൾ അടക്കം നിരീക്ഷിക്കും.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ പോലീസുകാരനെ കഴിഞ്ഞ ദിവസം എറണാകുളത്തു സസ്‌പെൻഡ് ചെയ്തിരുന്നു. കോട്ടയത്ത് പോപ്പുലർ ഫ്രണ്ട് നേതാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വനിത എഎസ്‌ഐ ഷെയർ ചെയ്തതായി കണ്ടെത്തിയിരുന്നു.

ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസ് തകർത്ത കേസിൽ പ്രതികളായ പോപ്പുലർ ഫ്രണ്ടുകാർക്ക് വേണ്ടി ഇടപെട്ട കാലടി പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പെരുമ്പാവൂർ സ്വദേശി സി.എ. സിയാദിനെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

പോത്താനിക്കാട് ഇൻസ്പെക്ടർ പി.എച്ച്. സമീഷ് നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നടപടി. പെരുമ്പാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജി.ഡി ചാർജിലുണ്ടായിരുന്നവരെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട് സിയാദ് കേസ് സംബന്ധമായ വിവരങ്ങളും പ്രതികളുടെ ജാമ്യ സാധ്യതയും തിരക്കിയിരുന്നു.


കാലടി സ്റ്റേഷനിലെ ഡ്യൂട്ടിക്കിടെ സിയാദ് മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ സന്ദർശിച്ചു. സിയാദിന്റെ ഫോണിൽ നിന്ന് നിരന്തരം പോപ്പുലർ ഫ്രണ്ടുകാരുമായി ബന്ധം പുലർത്തിയിരുന്നതായും തെളിഞ്ഞു.


ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകത്തിന്റെ ചിത്രങ്ങൾ വാട്ട്സ് ആപ്പിലൂടെ സിയാദിന് ലഭിച്ചിരുന്നു. പോപ്പുലർ ഫ്രണ്ടുകാർ കൊലപാതകം, യു.എ.പി.എ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരാണെന്ന് ബോദ്ധ്യമുണ്ടായിട്ടും അത്തരക്കാരുമായി ഇടപെടുന്നതിൽ ജാഗ്രത കാട്ടിയില്ലെന്നും, സിയാദിന്റെ നടപടി അച്ചടക്ക ലംഘനവും പോലീസ് സേനക്ക് അവമതിപ്പുണ്ടാക്കുന്നതുമാണെന്നും ഉത്തരവിൽ പറയുന്നു.

Advertisment