/sathyam/media/post_attachments/ZUscoESSKaVwDwvnLGSS.jpg)
തിരുവനന്തപുരം: ഭൂമിയിൽ മാത്രമല്ല, സദാസമയവും കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനിലുമുണ്ട് കൊറോണ. സംശയിക്കാൻ വരട്ടെ, ഭൂമിയിൽ മഹാമാരി വിതച്ച കൊറോണ വൈറസല്ല സൂര്യനിലെ കൊറോണ. സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയാണ് കൊറോണ.
സൂര്യന്റെ ബാഹ്യ വലയമായ കൊറോണയെയും അവിടുത്തെ കാന്തിക മേഖലയെയും ഊർജ്ജത്തെയും കുറിച്ച് പഠിക്കാൻ ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 അടുത്ത വർഷം സൂര്യനിലേക്ക് കുതിച്ചുയരും. മലയാളികളടക്കം ഉന്നതരായ ശാസ്ത്രജ്ഞരാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യയുടെ സൂര്യ പഠന ദൗത്യമായ ആദിത്യയുടെ പിന്നിൽ.
400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വി.ഇ.എൽ.സി) ഉൾപ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. സൂര്യനെ അടുത്തറിയാനും വിവരങ്ങൾ ശേഖരിക്കാനുമാണ് ലക്ഷ്യം.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കാനാണ് ദൗത്യം. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങൾ ആകർഷണവും വികർഷണവും സൃഷ്‌ടിക്കുന്ന മേഖലയാണ് ലഗ്രാൻജിയൻ പോയിന്റ്. ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങൾക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം.
/sathyam/media/post_attachments/Y82AKSuHDMyySKR9YGFa.jpg)
ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ1 പോയിന്റിൽ പാർക്ക് ചെയ്യുന്നതിനാലാണ് ആദിത്യ എൽ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവൻ സമയവും തടസങ്ങളില്ലാതെ കാണാനാകും.
സൂര്യന്റെ അന്തരീക്ഷത്തിന്റെ ഏറ്റവും ബാഹ്യമേഖലയായ കൊറോണ, കൊറോണയ്‌ക്ക് താഴെയുള്ള സുതാര്യ വലയമായ ക്രോമോ സ്‌ഫിയർ, സൂര്യന്റെ ദൃശ്യപ്രതലമായ ഫോട്ടോ സ്‌ഫിയർ എന്നിവ സംബന്ധിച്ച നിരീക്ഷണങ്ങളും ആദിത്യയുടെ ലക്ഷ്യമാണ്. സൂര്യനിൽ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ശൂന്യഭ്രമണപഥത്തിലെ കാന്തികമേഖല പഠിക്കാനുള്ള മാഗ്നറ്റിക് മീറ്ററും ആദിത്യയിലുണ്ടാകും.
സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. സൂര്യന്റെ ഉപരിതലമായ ഫോട്ടോസ്ഫിയറിൽ നിന്നു പുറത്തേക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കൊറോണ. സൂര്യന്റെ ഉപരിതല ഊഷ്മാവ് 6000 കെൽവിനാണ്. എന്നാൽ, കൊറോണയുടെ താപനില 10,00,000 കെൽവിനാണ്.
/sathyam/media/post_attachments/EEJmkFi8zIpSSArgVC29.jpg)
ഇനിയും വിശദീകരണം ലഭിക്കേണ്ട ഒരു പ്രഹേളികയാണിത്. ഇത്രയധികം താപം ഉണ്ടാകുന്നത് എന്തുകൊണ്ടെന്ന് എന്നതിന് പൂർണ ഉത്തരം കണ്ടെത്താൻ ശാസ്‌ത്രലോകത്തിന് ഇനിയും ആയിട്ടില്ല.
കൊറോണയെക്കുറിച്ചുള്ള പഠനത്തിനുപുറമെ സൗരവാതങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ, സൂര്യന്റെ കാന്തികക്ഷേത്രം, സൗരപ്രതിഭാസങ്ങൾ സൗരയൂഥത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങൾ തുടങ്ങിയവയെല്ലാം ആദിത്യ സൂക്ഷ്‌മമായി പഠിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us