തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ സി.പി.ഐ മന്ത്രിമാരെല്ലാം തികഞ്ഞ പരാജയമാണെന്നും ശിവശങ്കറിനെപ്പോലെ കളങ്കിതരായ ഉദ്യോഗസ്ഥരെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പിൽ തോളിലേറ്റി നടക്കുന്നതെന്തിനെന്നും തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അതിരൂക്ഷമായ ആരോപണങ്ങളുന്നയിച്ച് പ്രതിനിധികൾ.
കൃഷി വകുപ്പിനെതിരെയാണ് ഏറ്റവുമധികം വിമർശനമുയർന്നത്. മന്ത്രി പി. പ്രസാദിനെപ്പറ്റി ഒരു പ്രതിനിധി വിമർശിച്ചത് കാണിക്കാൻ നല്ല ബിംബം, പക്ഷേ ഭരണത്തിൽ പരാജയം എന്നാണ്.
സാധാരണ കൃഷിക്കാർക്കുള്ള ആനുകൂല്യങ്ങൾ പോലും കൃഷിവകുപ്പിൽ നിന്ന് നേടിയെടുക്കാനാവുന്നില്ല. കാർഷികരംഗത്ത് ഒരു പുരോഗതിയുമില്ല. കൃഷിവകുപ്പിന് കീഴിൽ കാർഷികകമ്മിഷൻ രൂപീകരിച്ച് വകുപ്പിനെ സി.പി.എം പിടിച്ചെടുത്തുവെന്നും ചിലർ കുറ്റപ്പെടുത്തി. ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളും പൂർണപരാജയമാണെന്ന് പ്രതിനിധികൾ വിമർശിച്ചു.
സി.പി.ഐയുടെ മന്ത്രിമാർക്ക് പോലും സംസ്ഥാന പോലീസിൽ നിന്ന് നീതി ലഭിക്കുന്നില്ല. ചില പൊലീസുദ്യോഗസ്ഥർക്ക് തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ഇന്റലിജന്റ്സ് സംവിധാനം പൂർണ പരാജയമാണ്. പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രം നിരോധിച്ചപ്പോഴാണ് പൊലീസ് കാര്യങ്ങൾ തിരിച്ചറിഞ്ഞത്. ഇപ്പോൾ കേന്ദ്രത്തിന്റെ താളത്തിനൊത്ത് തുള്ളേണ്ട അവസ്ഥയിലായില്ലേ കേരള പോലീസ് എന്നും ചിലർ ചോദിച്ചു. വന്യമൃഗശല്യത്തിൽ നിന്ന് കൃഷിക്കാരെ രക്ഷിക്കാനാവശ്യമായ ഇടപെടലിന് വനംവകുപ്പിനോട് നിർദ്ദേശിക്കണമെന്ന് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.
ശിവശങ്കറിനെപ്പോലുള്ളവർ സി.പി.ഐ വകുപ്പിലെന്തിനാണെന്ന് പ്രതിനിധികൾ ചോദിച്ചു. ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളിൽ പ്രതിഷ്ഠിക്കുകയാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ശിവശങ്കറിനെ മൃഗസംരക്ഷണവകുപ്പിൽ നിയമിച്ചതിനെതിരെ പേരെടുത്ത് പറഞ്ഞ് പ്രതിനിധികൾ കുറ്റപ്പെടുത്തി.
സത്യത്തിൽ ശിവശങ്കർ ആരാണെന്നറിയാൻ തങ്ങൾക്കും താല്പര്യമുണ്ടെന്ന് മലപ്പുറത്തെ ഒരു പ്രതിനിധി പറഞ്ഞു. ശ്രീറാം വെങ്കട്ടരാമനെ കളക്ടറാക്കിയത് ആരുടെ തീരുമാനമെന്നും ചോദ്യമുയർന്നു. പട്ടയവിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും നിർദ്ദേശമുയർന്നു. സിൽവർലൈനിനെ അനുകൂലിച്ചും പ്രതികൂലിച്ചും സി.പി.ഐ പ്രതിനിധികൾ.
തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ വലിയതോതിൽ വികസനം നടക്കുമ്പോൾ കേരളത്തിൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കാരണം അത് നടക്കുന്നില്ലെന്നാണ് പദ്ധതിയനുകൂലികൾ വാദിച്ചത്. അതിനാൽ സിൽവർലൈൻ പോലുള്ളവ വേണം. എന്നാൽ കേരളത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അട്ടിമറിച്ചുള്ള വികസനപ്രവർത്തനങ്ങൾ വേണ്ടെന്ന് മറ്റുചിലർ പറഞ്ഞു. കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ സി.പി.ഐ ഇടതുമുന്നണിയിൽ ശക്തിയായി ഇടപെടണമെന്ന ആവശ്യവുമുയർന്നു.
കോൺഗ്രസില്ലാതെ ബി.ജെ.പിക്കെതിരെ എന്ത് ദേശീയബദലാണെന്ന് സി.പി.ഐ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധികൾ ചോദിച്ചു. രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടുകളിന്മേൽ ഇന്നലെ നടന്ന ചർച്ചയിലാണ് കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളെയെല്ലാം അണിനിരത്തി മാത്രമേ ബദൽ സാദ്ധ്യമാകുകയുള്ളൂവെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്.
കോൺഗ്രസിന്റെ നയസമീപനങ്ങൾ ബദലിന് വഴിയൊരുക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസത്തെ ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ച ജനറൽസെക്രട്ടറി ഡി. രാജയ്ക്കുള്ള മറുപടിയായിക്കൂടിയാണ് പ്രതിനിധികളുടെ വിമർശനം. കോൺഗ്രസിനെ നന്നാക്കിയെടുത്ത ശേഷം ബദലുണ്ടാക്കുകയൊന്നും സാധിക്കുന്ന കാര്യമല്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. കോൺഗ്രസടക്കം എല്ലാ മതേതരകക്ഷികളുടെയും സംയുക്ത ബദലാണ് അടിയന്തരമായി ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്നത്.
ദേശീയതലത്തിൽ ഫലപ്രദമായ പരിപാടി സംഘടിപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ പാർട്ടിയുടെ ദേശീയനേതൃത്വം അമ്പേ പരാജയമാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ഉത്തരേന്ത്യയിൽ പാർട്ടിയുടെ അടിത്തറ വികസിക്കുന്നില്ല. ദേശീയതലത്തിൽ നടക്കുന്ന സമരപരിപാടികളിൽ പാർട്ടിയുടെ പങ്ക് തുച്ഛമാണ്. സി.പി.എമ്മിന്റെ അടിമ പോലെ നിന്നിട്ട് കാര്യമില്ല.
ദക്ഷിണേന്ത്യയിൽ മാത്രം പ്രവർത്തിച്ചിട്ട് കാര്യമുണ്ടോ ? വേദിയിൽ രാജയും പിണറായിയും സ്റ്റാലിനും കൈ കോർത്ത് പിടിച്ചാലൊന്നും ബദലുണ്ടാവില്ല. ആകർഷകമായ കേന്ദ്രനേതൃത്വമാണ് വേണ്ടത്. ആദ്യം അര ശതമാനം വോട്ടുണ്ടാക്കട്ടെ. പ്രായമേറെയായിട്ടും ചില നേതാക്കൾക്ക് ആഗ്രഹം തീരുന്നില്ലെന്ന് സംസ്ഥാനനേതൃത്വത്തിലെ പ്രശ്നങ്ങളെ സൂചിപ്പിച്ച് ചിലർ വിമർശിച്ചു. കാനത്തെ അപകീർത്തിപ്പെടുത്തുന്നത് സി.പി.ഐയെ അപകീർത്തിപ്പെടുത്തുന്നത് പോലെയെന്നായിരുന്നു കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയുടെ അഭിപ്രായം.