Advertisment

മോദി വിരുദ്ധതയെ രാജ്യവിരുദ്ധതയായി ചിത്രീകരിച്ചു. ചരിത്രം പറഞ്ഞ് ബിബിസിയെ വിമര്‍ശിച്ചു - കാവിക്കൂട്ടത്തിന് 'യുവ ആന്‍റണി' പ്രിയങ്കരനായി മാറിയത് മിനിട്ടുകള്‍കൊണ്ട് ! ട്വിറ്ററില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന അനില്‍ ആന്‍റണി ബിജെപി നവമാധ്യമ ഗ്രൂപ്പുകളില്‍ പൊടുന്നനെ പ്രശസ്തനായി. രാജ്യത്തെ ഏറ്റവും വലിയ കോണ്‍ഗ്രസ് നേതാവായ എ.കെ ആന്‍റണിയുടെ മകന്‍ ഇതില്‍പരം ബിജെപിക്കിനി എന്ത് നല്‍കണം ! രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാന്‍ നടന്നുനീങ്ങുമ്പോള്‍ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മേധാവി കോണ്‍ഗ്രസിന് കൊടുത്തത് എട്ടിന്‍റെ പണി !

New Update

publive-image

Advertisment

തിരുവനന്തപുരം: ബിബിസിയുടെ മോദിവിരുദ്ധ ഡോക്യുമെന്‍ററിയെ രാജ്യവിരുദ്ധമായി വ്യാഖ്യാനിച്ച് ബിബിസിയെ വിമര്‍ശിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ട്വിറ്ററിലെ ബിജെപി ഇടങ്ങളില്‍ താരമായി മാറിയിരിക്കുകയാണ്.

രാഹുല്‍ ഗാന്ധി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ദേശവ്യാപക യാത്ര നടത്തുമ്പോള്‍ ആ യാത്രയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ തന്നെ ആ ആശയത്തിന് അനുകൂലമെന്ന് പാര്‍ട്ടി വ്യാഖ്യാനിക്കുന്ന ഒരു ഡോക്യുമെന്‍ററിക്കെതിരെ രംഗത്ത് വന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിക്കുകയും ചെയ്തു.

publive-image


ഒറ്റ മോഡി അനുകൂല പോസ്റ്റിലൂടെ ട്വിറ്ററില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ഈ യുവ ആന്‍റണി. ഒപ്പം കോണ്‍ഗ്രസ് നവമാധ്യമ ഗ്രൂപ്പുകളില്‍ പൊരിഞ്ഞ വിമര്‍ശനമാണ് അനിലിനെതിരെ ഉയരുന്നത്. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ അനിലിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.


publive-image

അതിനിടെ ശശി തരൂരിന്‍റെ അടുത്ത അനുയായിയായി സ്വയം അവരോധിക്കുന്ന അനിലിന്‍റെ ബിജെപി അനുകൂല പോസ്റ്റിനെ ഭാവിയിലെ വലിയ നലപാടുകളുടെ മാനങ്ങളായി ചിത്രീകരിക്കുന്നവരുമുണ്ട്. കോണ്‍ഗ്രസ് നിലപാടിനെ തള്ളിയ അനിലിനെ അദ്ദേഹം വഹിക്കുന്ന മുഴുവന്‍ പദവികളില്‍ നിന്നും നീക്കം ചെയ്യണമെന്ന ആവശ്യം ബിനു ചുള്ളിയിലിനേപ്പോലുള്ള യുവ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു.

വിവരമോ വിവരക്കേടോ ?

പ്രധാനമന്ത്രി നരേനന്ദ്ര മോഡിയെ നിശിതമായി വിമര്‍ശിക്കുന്നതും അദ്ദേഹം ആരോപണവിധേയമായ ഗുജറാത്തിലെ കലാപത്തെ തുറന്നുകാട്ടുന്നതുമാണ് ബിബിസി പുറത്തുവിട്ട ഡോക്യുമെന്‍ററി. രാജ്യത്ത് ഈ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനത്തെ ശക്തമായി എതിര്‍ക്കുകയാണ് ബിജെപി. കോണ്‍ഗ്രസും സിപിഎമ്മും ഈ ഡോക്യുമെന്‍ററിയെ ഹാര്‍ദവമായി സ്വീകരിക്കുകയും ചെയ്തു.

publive-image

അതിനിടയിലാണ് മോഡി വിരുദ്ധതയെ ഇന്ത്യാ വിരുദ്ധമെന്ന വിശേഷണത്തോടെ എകെ ആന്‍റണിയുടെ മകന്‍ രംഗത്തു വന്നിരിക്കുന്നത്. മാത്രമല്ല, ഇറാഖ് യുദ്ധത്തില്‍ ഉള്‍പ്പെടെ ബിബിസിയുടെ ഭിന്നിപ്പിന്‍റെ ചരിത്ര പാരമ്പര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനില്‍ ഡോക്യുമെന്‍ററിയെ എതിര്‍ക്കുന്നതെന്നാണ് ശ്രദ്ധേയം.

അതിനാല്‍ തന്നെ ഇത് അനില്‍ ആന്‍റണിയുടെ കരുതികൂട്ടിയുള്ള ഒരു ചുവടുവയ്പായി കാണുന്നവരുണ്ട്. കോണ്‍ഗ്രസില്‍ തനിക്കുള്ള സാധ്യതകള്‍ വിരളമാണെന്ന് മനസിലാക്കിയ 'കോട്ടിട്ട ആന്‍റണി' അപ്പുറത്തെ മരുപ്പച്ച തേടുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്നവര്‍ ഏറെയുണ്ട്.

മറ്റൊന്ന്, ഇതിനെ ഗൗരവമായി കാണേണ്ടതില്ലെന്ന നിലയ്ക്കുള്ള വിമര്‍ശനങ്ങളാണ്. നിലപാടുകളുടെ ഔന്നത്യത്തില്‍ നിന്നുകൊണ്ട് ഒരു ബിബിസി ഡോക്യുമെന്‍ററിയെ വിലയിരുത്താനുള്ള ബൗദ്ധിക നിലവാരം അതില്‍ ആന്‍റണിയില്‍ കാണുന്നവര്‍ വിരളമാണ്. അതിനാല്‍ തന്നെ 'ഇത് യുവ ആന്‍റണിയുടെ പതിവ് വിവരക്കേടായി കണ്ടാല്‍ മതി, അത് വെറും അബദ്ധം മാത്രം' എന്ന് പറയുന്നവരുമുണ്ട്.


പക്ഷേ പറഞ്ഞ സമയവും തെരഞ്ഞെടുത്ത വിഷയവും കോണ്‍ഗ്രസിന് ക്ഷമിക്കാന്‍ പറ്റാത്തതാണ്. 32 വയസുമുതല്‍ 82 വയസുവരെ കോണ്‍ഗ്രസിന്‍റെ ഔന്നത്യങ്ങളില്‍ മാത്രം വിഹരിച്ച എകെ ആന്‍റണിയെന്ന അതികായന്‍റെ മകന് വിരമിച്ച് വീട്ടിലിരിക്കുന്ന പിതാവിന്‍റെ വിശ്രമകാല ബോറടി തിരിച്ചടിയായി തോന്നിതുടങ്ങിയോ എന്ന് സംശയിക്കാന്‍ കഴിയും.


ഇനി സാധ്യതകളില്ലാത്ത കോര്‍ട്ടില്‍ നിന്നും മറുകണ്ടം ചാടി സാധ്യതകളുടെ രാഷ്ട്രീയത്തില്‍ കൈകോര്‍ക്കാന്‍ യുവ ആന്‍റണി തീരുമാനിച്ചാല്‍ കോണ്‍ഗ്രസിന് കണ്ട് നോക്കിയിരിക്കാനേ കഴിയൂ. കാരണം രാജ്യത്തെ ഏറ്റവും പ്രശ്തനായ, ആദര്‍ശവാനായ കോണ്‍ഗ്രസ് നേതാവിന്‍റെ മകനാണ് അനില്‍ ആന്‍റണി. ബിജെപിയെ സംബന്ധിച്ച് കോണ്‍ഗ്രസിനെതിരെ ഇതില്‍പ്പരം എന്ത് തുറുപ്പുചീട്ടാണ് വേണ്ടത്.

Advertisment