Advertisment

'മാര്‍ക്കറ്റില്‍ പോകുന്നു, വീട് പൂട്ടിയതല്ല, സെസ് ചുമത്തരുത് !' വീടിനു മുമ്പിലെ ബോര്‍ഡു മുതല്‍ ട്രോള്‍ മഴ ! ബജറ്റിനെ വീണുകിട്ടിയ അവസരമാക്കി പ്രതിപക്ഷം ! ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കമായി 'ബജറ്റ് കൊള്ള'യെ ഉപയോഗിക്കാനൊരുങ്ങി യുഡിഎഫ് ! സെസ് പിന്‍വലിച്ച് ഇന്ധനവില 5 രൂപ കുറയ്ക്കണമെന്നാവശ്യപ്പെടാന്‍ പ്രതിപക്ഷം. ഇന്ധന സെസ് പിന്‍വലിച്ച് തലയൂരാന്‍ ഇടതുമുന്നണിയും. ട്രോളര്‍മാര്‍ക്കിടയില്‍ താരമായി ബാലഗോപാല്‍ !

New Update

publive-image

Advertisment

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ രണ്ട് രൂപ സെസ് പിന്‍വലിക്കാന്‍ ഇടതുമുന്നണിയില്‍ അനൗദ്യോഗിക ധാരണ ആയതായി സൂചന. സെസ് പൂര്‍ണമായും പിന്‍വലിക്കുന്നോ അതോ 2 രൂപ പിന്‍വലിച്ചാല്‍ മതിയാകുമോ എന്ന കാര്യത്തില്‍ മാത്രമാണ് തീരുമാനമാകാനുള്ളത്.


അതേസമയം പുറമെ സമരം നയിക്കുകയാണെങ്കിലും ഇന്ധന സെസ് പിന്‍വലിക്കരുതെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നവരാണ് പ്രതിപക്ഷ നേതാക്കള്‍. വ്യക്തിപരമായ ആശയവിനിമയങ്ങളില്‍ പിണറായി സര്‍ക്കാര്‍ സെസ് തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണമെന്ന ആഗ്രഹമാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ സ്വതവേ ക്ഷീണത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തിന് ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും 'പണി' കുറയുമെന്നാണ് നേതാക്കളുടെ ധാരണ.


ഇന്ധന നികുതി സെസ് പിന്‍വലിക്കുമെന്ന സൂചനയാണ് ഇന്ന് ബജറ്റിനോട് പ്രതികരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും പങ്കുവച്ചത്. സെസ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് ഇടതുമുന്നണിയിലെ പ്രധാന നേതാക്കളുടെ നിലപാട്.

publive-image

എന്നാല്‍ ഇന്ധന നികുതി വര്‍ധനവ് ആയുധമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ 'കുറ്റപത്രം' തയ്യാറാക്കി 2024 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള ആലോചനയാണ് യുഡിഎഫിന്‍റേത്. മണ്ഡലം തലം മുതല്‍ ആരംഭിക്കുന്ന സമരപരിപാടികള്‍ക്കാണ് യുഡിഎഫ് ആലോചിക്കുന്നത്. ഇന്ധന സെസ് പിന്‍വലിക്കുകയും അതിനു പുറമേ കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകളെപ്പോലെ ഇന്ധനവില 5 രൂപയില്‍ കുറയാതെ കുറയ്ക്കുകയും ചെയ്യണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടാനൊരുങ്ങുന്നത്.


സെസ് പിന്‍വലിച്ചാലും ഇന്ധനവില വര്‍ധനവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സാമൂഹിക വിചാരണയായി മാറ്റാനാണ് യുഡിഎഫിന്‍റെ ലക്ഷ്യം. അതിനാല്‍ തന്നെ സെസ് പിന്‍വലിച്ച ശേഷം അയല്‍ സംസ്ഥാനങ്ങളെ മാതൃകയാക്കി സംസ്ഥാന നികുതിയില്‍ 5 രൂപ വരെ കുറവ് വരുത്തണമെന്ന ആവശ്യം യുഡിഎഫ് ഉന്നയിക്കും.


കോണ്‍ഗ്രസിലും മുസ്ലിം ലീഗിലും നേതൃതലത്തിലുള്ള ഭിന്നതകള്‍ മൂലം യുഡിഎഫ് പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. കോണ്‍ഗ്രസില്‍ ബ്ലോക്ക് തലം മുതല്‍ കെപിസിസി പ്രസിഡന്‍റ് പദവിവരെ പുനസംഘടന കാത്ത് കിടക്കുകയാണ്. നാഥനില്ലാത്ത കമ്മറ്റികള്‍ വച്ച് പാര്‍ട്ടിയെ ചലിപ്പിക്കാനാകാത്ത കോണ്‍ഗ്രസിന് ഇപ്പോള്‍ പുത്തന്‍ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ് സംസ്ഥാന ബജറ്റ്.

നികുതിക്കൊള്ള, ബജറ്റ് പിന്നെ പകല്‍ തന്നെ അണികള്‍ സമരവുമായി രംഗത്തിറങ്ങി. ആരും ചിന്തിക്കാത്ത മേഖലകള്‍ പോലും കണ്ടുപിടിച്ച് നികുതി ചുമത്തിയ ബാലഗോപാലാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ക്കിടയിലെ താരം. പൂട്ടി കിടന്ന വീടിന് നികുതിയെന്ന പ്രഖ്യാപനമൊക്കെ ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്. "മാര്‍ക്കറ്റില്‍ പോകുകയാണ്, വീട് പൂട്ടി പോയതല്ല, സെസ് ചുമത്തരുത്" എന്ന് ബോര്‍ഡ് വീട്ടിനു മുന്‍പില്‍ തൂക്കിയ ട്രോളൊക്കെ സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാണ്.

Advertisment