തിരുവനന്തപുരം: ഈ വര്‍ഷത്തെ ലോക വിഡ്ഢിദിനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ 'വിഡ്ഢികളുടെ' സംസ്ഥാനമായി കേരളം മാറുകയാണ്. മലയാളികളുടെ അടുപ്പും അടുക്കളയും ഇനി ചിലവേറിയ ഇന്ധനങ്ങളുടെ പുകമണത്തില്‍ നീറുന്നിടമായി മാറും.
ഏപ്രില്‍ ഒന്നു മുതല്‍ മലയാളിക്ക് പ്രത്യേകിച്ചൊന്നും ഗുണപരമായി സംഭവിക്കാനില്ല. അന്ന് വിഡ്ഢിദിനമാണ്. അന്ന് നമ്മുടെ ശമ്പളം ഉയരില്ല, കൂലി കൂടില്ല, മറ്റൊരു വരുമാനവും ഉയരുന്ന ലക്ഷണമില്ല.
പക്ഷെ, അടുപ്പത്ത് വയ്ക്കുന്ന ഗ്യാസിനു മുതല്‍ (നിലവില്‍ ഉയര്‍ന്നു കഴിഞ്ഞു) ഉപ്പിനും കര്‍പ്പൂരത്തിനും വരെ വില ഉയരും.
ഇന്ധനവിലക്കയറ്റ മത്സരത്തില്‍ ഒടുവിലത്തെ ഊഴം പിണറായി സര്‍ക്കാരിനായിരുന്നു. കേന്ദ്രം കൂട്ടാന്‍ മടിച്ചു നിന്നപ്പോള്‍ കേരളം 2 രൂപ സെസ് ഏര്‍പ്പെടുത്തി വിലയങ്ങ് ഉയര്‍ത്തി.
ഇതോടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് മുഴുവന്‍ വില ഉയരും. നികുതി അടയ്ക്കേണ്ടാത്തതായി ഒന്നുമില്ല. മദ്യത്തിന് എത്രതവണ വില കൂട്ടിയെന്ന് ധനമന്ത്രിക്കു പോലും ഓര്‍മ്മ കാണില്ല. പിണറായി സര്‍ക്കാരിലെ ധനമന്ത്രിമാര്‍ക്ക് ആകെ അറിയുന്നൊരു ധനതത്വ ശാസ്ത്രമാണ് മദ്യത്തിന് വില ഉയര്‍ത്തല്‍. ഇനിയത് ഇന്ധനത്തിലും പ്രതീക്ഷിക്കാം.
ഗ്യാസിന് വില കയറ്റി കേന്ദ്ര സര്‍ക്കാര്‍ വക 'തലോടല്‍' വേറെയുമുണ്ട്. ഗാര്‍ഹിക ഗ്യാസിന് 50 രൂപയും വാണിജ്യ ഗ്യാസിന് 350.50 രൂപയുമാണ് വര്‍ധന. വാണിജ്യ സിലിണ്ടറിന്‍റെ വില സാധാരണക്കാരെ ബാധിക്കുന്നതല്ലല്ലോ, അത് കച്ചവടക്കാര്‍ക്ക് മാത്രമല്ലേ ബാധകമാകൂ, സാധാരണക്കാരുടെ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയല്ലേ കൂട്ടിയുള്ളു... എന്നൊക്കെയാണ് കേന്ദ്രീയ നേതാക്കളുടെ പൊള്ള വാദങ്ങള്‍ !
ഇതുവരെ 1773 രൂപയ്ക്ക് വാണിജ്യ സിലിണ്ടര്‍ വാങ്ങുന്ന ഹോട്ടലുടമ ഇനിയത് 2124 രൂപയ്ക്ക് വാങ്ങിയിട്ട് അതുപയോഗിച്ചുണ്ടാക്കുന്ന ചായയും ദോശയും പലഹാരങ്ങളും അവന്‍റെ അമ്മായിക്ക് മാത്രം കഴിക്കാന്‍ കൊടുക്കുകയല്ലല്ലോ ചെയ്യുന്നത്.
ദിവസം ഓരോ സിലിണ്ടര്‍ ഉപയോഗിക്കുന്ന ഒരു സാധാരണ തട്ടുകടക്കാരന് ഇപ്പോള്‍ പാചകവാതകത്തില്‍ മാത്രം അധിക ചിലവ് 350.50 രൂപയാണ്. ആ കാശ് തട്ടുകടക്കാരന്‍ ആരുടെ അമ്മായിയപ്പന്‍റെ കൈവശം നിന്ന് ഈടാക്കും ? ആരുടെയുമല്ല, അവിടെവന്ന് ഭക്ഷണം കഴിക്കുന്ന നാട്ടുകാരില്‍നിന്ന് ഈടാക്കും ! അത്രതന്നെ !
ഒരു ഇടത്തരം ഹോട്ടലില്‍ പ്രതിദിനം 2 വാണിജ്യ സിലിന്‍ഡര്‍ ആവശ്യം വരും. ഇതോടെ അവന്‍റെ പ്രതിദിന അധിക ചെലവ് 701 കോടി രൂപയാണ്.
മാസം കണക്കാക്കിയാല്‍ 21030 രൂപയാണ് ഒരു സാധാരണ ഹോട്ടലുടമയുടെ അധിക ചിലവ്. ആ കാശ് ആരുടെയും ഭാര്യവീട്ടില്‍ നിന്നും കൊണ്ടുവന്ന് അവന് ഫ്രീ ആയി കൊടുക്കില്ല. അതവന്‍ ഹോട്ടല്‍ ഉല്‍പന്നങ്ങള്‍ക്ക് വിലകൂട്ടി വാങ്ങി നികത്തേണ്ടി വരും.
തിരക്കുള്ള ഒരു ഹോട്ടലിലെ പാചക വാതക ഉപയോഗം പ്രതിദിനം 4 സിലിണ്ടറുകളാണ്. അത്തരമൊരു ഹോട്ടലില്‍ പ്രതിദിനം ഗ്യാസ് ഇനത്തില്‍ തന്നെ 1402 രൂപ അധികം ചിലവ് വരും. മാസം കണക്കാക്കിയാല്‍ അത് 42060 ആയി ഉയരും. വില വര്‍ധനവല്ലാതെ ഹോട്ടലുകള്‍ക്ക് മുമ്പില്‍ വേറെ മാര്‍ഗങ്ങളില്ല.
ഹോട്ടലില്‍ മാത്രമല്ല, പാചകം ചെയ്ത് പായ്ക്കറ്റുകളിലാക്കി എത്തുന്ന എല്ലാ ഉല്‍പന്നങ്ങള്‍ക്കും വില ഉയരും. ചിപ്സ്, മിക്സ്ചര്‍, ഫ്രോസണ്‍ ചപ്പാത്തി-പൊറോട്ട, മുറുക്ക്, കേക്ക്, അച്ചാറുകള്‍... അങ്ങനെയങ്ങനെ...
സകലതിനും വില ഉയരും. അങ്ങനെ വില ഉയരുമ്പോള്‍ സര്‍ക്കാരിന്‍റെ ജിഎസ്‌ടി വരുമാനവും ഉയരും. അങ്ങനെയും കുറെ കോടികള്‍. ജിഎസ്‌ടി ഉയരുന്നതിന്‍റെ വിഹിതവും ഇതിനു പുറമെ 'പൊതുജന കഴുതകള്‍' തന്നെ നല്‍കണം.
ഇങ്ങനെ ആകെകൂടി കണക്കാക്കിയാല്‍ പൊതുജനം കാത്തിരിക്കുന്നത് അതിഭീകരമായ ഒരു നികുതി കൊള്ളയ്ക്കാണ്. സകലതിനും വില ഉയരും - ജനത്തിന്‍റെ വില താഴുകയും ചെയ്യും. ഗ്യാസിന് വില കൂടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അധിക ഇന്ധനവില വര്‍ധനവിനും മദ്യവില വര്‍ധനവിനും മറ്റ് നികുതികള്‍ക്കും തുടക്കം കുറിയ്ക്കാന്‍ കണ്ടെത്തിയിട്ടുള്ള ദിവസം കൊള്ളാം - ഏപ്രില്‍ ഒന്ന് - ലോക വിഡ്ഢിദിനം. എന്നാലും മലയാളി പഠിക്കില്ല.