/sathyam/media/post_attachments/Ql9qy2V0mIsgyjrWjMVl.jpg)
തിരുവനന്തപുരം: കോൺഗ്രസിന്റെ തലപ്പത്ത് വിവരമുള്ളവർ വന്നാൽ താൻ പാർട്ടിയിൽ തിരികെയെത്തുമെന്ന് ഏകെ ആന്റണിയുടെ മകൻ അനിൽ ആന്റണി, ആ വിവരമുള്ളവരുടെ പട്ടികയിൽ സ്വന്തം പിതാവ് ഏകെ ആന്റണിയും ഉണ്ടോയെന്ന് പ്രവർത്തകർ. അനിൽ ആന്റണിയുടെ നിരന്തര കോൺഗ്രസ് വിരുദ്ധ ബിജെപി അനുകൂല പ്രസ്താവനകളിൽ കോൺഗ്രസിന്റെ സൈബർ പോരാളികൾ പ്രതികരണവുമായി രംഗത്ത് വന്നുതുടങ്ങിയിരിക്കുകയാണ്.
അനിൽ ആന്റണിയുടെ നീക്കം ബിജെപിയിൽ ചേരുകയെന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രസ്താവിച്ചിരുന്നു. എന്നാൽ താൻ ബിജെപിയിൽ ചേരില്ലെന്നും കോൺഗ്രസിന്റെ തലപ്പത്ത് വിവരം ഉള്ളവർ വന്നാൽ പാർട്ടിയിൽ താൻ തിരികെ എത്തുമെന്നുമായിരുന്നു അനിലിന്റെ പ്രതികരണം.
ഇപ്പോഴത്തേത് കുടുംബാധിപത്യം ആണ്. ഒരു കുടുംബവും അവിടുത്തെ കുറെ കാര്യസ്ഥന്മാരുമാണ് ഇപ്പോൾ കോൺഗ്രസിനെ നയിക്കുന്നതെന്നും അനിൽ കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് ആ വിവരമുള്ളവരുടെ പട്ടികയിൽ എകെ ആന്റണിയും ഉൾപ്പെടുമോ എന്ന് കോൺഗ്രസ് പ്രവർത്തകർ ചോദിക്കുന്നത്.
മാത്രമല്ല ഇത്രകാലം കോൺഗ്രസ് നേതാവായിരുന്ന അനിലിന് സ്വന്തം നേതാക്കൾ വിവരമില്ലാത്തവരായി മാറിയെന്നു തോന്നി തുടങ്ങിയത് എന്ന് മുതലാണെന്നും പിതാവ് സജീവ രാഷ്ട്രീയത്തിൽ നിന്നും പിന്മാറുന്നത് വരെ അങ്ങനെ തോന്നാതിരുന്നത് എന്തുകൊണ്ടാണെന്നും പ്രവർത്തകർ ചോദിക്കുന്നു. മാത്രമല്ല ഈ തിരിച്ചറിവ് വൈകിയത് അനിലിന് വിവരമുദിക്കാൻ വൈകിയതിനാലാണോ എന്നും പ്രവർത്തകർ ചോദിക്കുന്നുണ്ട് .