Advertisment

കര്‍ണാടക വിജയത്തെ പുകഴ്ത്തുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എന്ത് അറിയുന്നു ? 2021 -ലെ രണ്ടാം തോല്‍വി കഴിഞ്ഞ് ആറ് മാസം തികയും മുമ്പെ 'അടുത്ത തവണ ആദ്യം ഞാന്‍ മുഖ്യമന്ത്രി, അതുകഴിഞ്ഞ് തനിക്ക് ' എന്നു പറഞ്ഞവരാണ് പാര്‍ട്ടിയെ നയിക്കുന്നത്. 2014 -നു ശേഷം രാജ്യത്തൊരിടത്തും നയിക്കാന്‍ ഒറ്റ നേതാവില്ലാതെ ഒരു പാര്‍ട്ടിയും ഒരു നിയമസഭാ തെരഞ്ഞെടുപ്പും ജയിച്ചിട്ടില്ല. രാഷ്ട്രീയം മാറിയതറിയാതെ കേരളത്തിലെ കോണ്‍ഗ്രസ് !

New Update

publive-image

Advertisment

തിരുവനന്തപുരം: വയനാട് ക്യാമ്പിനുശേഷം ഉണരാതെ ആലസ്യത്തില്‍ തന്നെയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ ഗംഭീര വിജയത്തിനു കാരണം നേതാക്കള്‍ക്കിടയിലെ ഐക്യമാണെന്ന് തിരിച്ചറി‍ഞ്ഞിട്ടും പരസ്പരം പാര വയ്ക്കുന്നതില്‍ മല്‍സരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍.

പുനസംഘടനയ്ക്ക് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതുപ്രകാരമുള്ള തുടര്‍ ചര്‍ച്ചകള്‍ മന്ദഗതിയില്‍ തന്നെ. ഗ്രൂപ്പുകളൊക്കെ അപ്രസക്തമായെങ്കിലും അവശിഷ്ട ഗ്രൂപ്പുകള്‍ പഴയ സമവാക്യങ്ങള്‍ പറഞ്ഞ് വിലപേശലിലാണ്.

ആദ്യ ഘട്ടം ബ്ലോക്ക് പ്രസിഡന്‍റുമാരെ പ്രഖ്യാപിക്കലാണ് നിലവിലെ ധാരണ. ഡിസിസി ഭാരവാഹി പ്രഖ്യാപനം അപ്പോഴും അകലെ.


സിപിഎം ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ സമയ ബന്ധിതമായി ബ്രാഞ്ച് തലം മുതല്‍ ദേശീയതലം വരെ പുനസംഘടന നടത്തി നേതൃത്വത്തെ തെരഞ്ഞെടുക്കുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അഴകൊഴമ്പന്‍ സമീപനം. നാഷണല്‍ കോണ്‍ഗ്രസിന് പ്രസിഡന്‍റ് ഉണ്ടായത് നാലാം വര്‍ഷമാണ്. പ്രസി‍ഡന്‍റിനെ തെരഞ്ഞെടുത്തിട്ടും പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇതുവരെ ആയിട്ടില്ല.


publive-image

കോണ്‍ഗ്രസിലെ പ്രശ്നം, ആരെ ഭാരവാഹി ആക്കണം എന്നതല്ല, ആരെയൊക്കെ ആക്കരുത് എന്നതാണ്. സംസ്ഥാനത്താണെങ്കിലും ദേശീയ തലത്തിലാണെങ്കിലം അതുതന്നെയാണ് സ്ഥിതി. പ്രാദേശിക നേതാക്കളും കണ്ടു പഠിച്ചിരിക്കുന്നത് അതുതന്നെയാണ്.

ബ്ലോക്ക് പ്രസിഡന്‍റുമാരെ നിശ്ചയിക്കാന്‍ സമിതി യോഗം കൂടുമ്പോള്‍ നേതാക്കള്‍ പറയുന്നത് ആരെയൊക്കെ ആക്കരുതെന്ന പേരുകളാണ്. അപ്പോള്‍ തന്നെ ലിസ്റ്റ് കാലിയാകും. മണ്ഡലം കമ്മിറ്റിയില്‍ പോലും ഒന്നിനോട് ഒന്ന് ചേരാത്ത നേതാക്കളാണ് കര്‍ണാടകയിലെ നേതാക്കളെ പുകഴ്ത്തുന്നത്.

സംസ്ഥാന തലത്തിലെ ചിന്ത എന്നെ മുഖ്യമന്ത്രിയാക്കിയാല്‍ ഭരണം പിടിക്കാം, അല്ലെങ്കില്‍ വേണ്ടെന്നതാണ്. അങ്ങനെയാണെങ്കിലേ ആ നേതാവും പാര്‍ട്ടിയും പണം മുടക്കുകയും തന്ത്രങ്ങള്‍ മെനയുകയും ചെയ്യൂ. മറ്റവന് മുഖ്യമന്ത്രിയാകാന്‍ ഞാനെന്തിന് മിനക്കെടുന്നു എന്നതാണ് ചോദ്യം. 'കോണ്‍ഗ്രസ്' എന്ന ചിന്ത ഏഴയലത്ത് പോലുമില്ല.


കോണ്‍ഗ്രസിലെ ഒരു ഒന്നാമനായ നേതാവ് രണ്ടാമനായ നേതാവിനോട് ഒന്നര വര്‍ഷം മുമ്പ് പറഞ്ഞത് 'ആദ്യ രണ്ടര വര്‍ഷം ഞാന്‍, പിന്നെ താന്‍' എന്നാണ്. 'എനിക്ക് വേണ്ട, മൊത്തം അങ്ങെടുത്തോ' എന്ന് രണ്ടാമന്‍ പറഞ്ഞിട്ടും ഒന്നാമന് വിശ്വാസം പോര. ചരിത്രത്തിലാദ്യമായി രണ്ടാം തവണയും തോറ്റ് തുന്നംപാടി നില്‍ക്കുമ്പോഴാണ് ഇത്തരം ചര്‍ച്ചകള്‍. അടുത്ത ഇല്കഷന് പിന്നെയും കിടക്കുന്നു നാലര വര്‍ഷം.


publive-image

രാജ്യത്തൊരു സംസ്ഥാനത്തും കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ഒറ്റ നേതാവില്ലാതെ ഒരു തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിയും വിജയിച്ചിട്ടില്ല. അതിനൊരു മാറ്റം ഉണ്ടായത് 2014 നു ശേഷം ആദ്യം കര്‍ണാടകയിലാണ്. അത് രണ്ടു പേരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഉണ്ടായ വിജയമാണ്. അവരാദ്യം കോണ്‍ഗ്രസ് ജയിക്കട്ടെ, പിന്നെയല്ലേ മുഖ്യമന്ത്രിയുടെ കാര്യം എന്നാണ് ചിന്തിച്ചത്. അതുതന്നെ അവര്‍ നടത്തി.

ഇവിടെ പ്രവര്‍ത്തിക്കണമെങ്കില്‍ പദവി ഉറപ്പാക്കണം. കേന്ദ്രത്തില്‍ ജനം വോട്ട് ചെയ്തത് നരേന്ദ്ര മോദി എന്ന നേതാവിനാണ്. ബംഗാളില്‍ മമതയ്ക്കും, ആന്ധ്രയില്‍ ജഗനും, ഒറീസയില്‍ ബിജുവിനും, തമിഴകത്ത് സ്റ്റാലിനും, കേരളത്തില്‍ പിണറായിക്കും ജനം വോട്ട് നല്‍കി. ആ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ അവരായിരുന്നു അവിടങ്ങളില്‍ തിളങ്ങിനിന്ന നേതാക്കള്‍.


കേരത്തില്‍ ഒരറ്റത്ത് പിണറായി ആണെങ്കില്‍ മറ്റേ അറ്റത്ത് ആരുണ്ട് ? തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎല്‍എമാരും ഹൈക്കമാന്‍റും നിശ്ചയിക്കും എന്നു പറഞ്ഞാല്‍ പിന്നെയും പ്രതിപക്ഷത്തിരിക്കാം.


ആദ്യം പിണറായിക്കു മുകളില്‍ ഒരു നേതാവിനെ കണ്ടെത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് കഴിയണം. അയാള്‍ പിണറായിക്കൊത്ത എതിരാളിയാകണം. 'അത് ഞാനാണ്' എന്ന് ഇവര്‍ ഓരോരുത്തരും പറഞ്ഞതുകൊണ്ട് കാര്യം നടക്കില്ല. ജനത്തിനുകൂടി അംഗീകരിക്കാന്‍ കഴിയുന്ന ആളാകണം.

അങ്ങനൊരാളെ ആദ്യം കണ്ടെത്തണം, പിന്നെ അദ്ദേഹത്തെ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയണം. തെരഞ്ഞെടപ്പിന് പൊതുജനം അംഗീകരിക്കുന്ന നയങ്ങള്‍ പറഞ്ഞ് തന്ത്രങ്ങളുമൊരുക്കണം.

അതില്ലാതെ കോണ്‍ഗ്രസിന് കേരളത്തിലൊരു മടങ്ങിവരവ് അസാധ്യം. അത് മനസിലാകാത്തതും ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മാത്രമാണ്.

Advertisment