Advertisment

ഉമ്മൻ ചാണ്ടിയുടെ അനാരോഗ്യത്തോടെ ചിതറിപ്പോയ എ ഗ്രൂപ്പിന്റെ പഴയ പ്രതാപം പറഞ്ഞ് രംഗത്തുവന്ന ബെന്നി ബെഹന്നാന്റെ ലക്ഷ്യം ഗ്രൂപ്പ് നേതൃത്വം പിടിക്കല്‍ ! ഇപ്പോള്‍തന്നെ ആറു ഗ്രൂപ്പായ എ ഗ്രൂപ്പ് വീതിച്ചെടുത്ത് തിരുവഞ്ചൂരും വിഷ്ണുനാഥും. ബെന്നിക്കൊപ്പം ആൾബലമില്ല. പുനംസംഘടന ഇത്രയും വൈകിച്ചത് പെട്ടിയെടുപ്പുകാര്‍ക്ക് സ്ഥാനം കിട്ടാതെ വന്നതും ഗ്രൂപ്പുപോരും. എന്നിട്ടും പാഠം പഠിക്കാതെ നേതാക്കൾ !  ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് ഗ്രൂപ്പുകളി മുറുകുമ്പോൾ

New Update

publive-image

Advertisment

തിരുവനന്തപുരം : ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപമുയര്‍ത്താനുള്ള ചിലരുടെ നീക്കം ഗ്രൂപ്പ് നേതൃത്വം പിടിക്കാനെന്ന് ആക്ഷേപം. പുനസംഘടനയില്‍ കൂടുതല്‍ നഷ്ടം എ ഗ്രൂപ്പിനാണെന്ന് പറഞ്ഞ് എ ഗ്രൂപ്പിലെ ചില നേതാക്കളാണ് രംഗത്തു വന്നിട്ടുള്ളത്. ബെന്നി ബെഹന്നാന്‍ എംപിയാണ് ഇതില്‍ പ്രധാനി.

ഗ്രൂപ്പ് തര്‍ക്കങ്ങളെ തുടര്‍ന്ന് മാസങ്ങളോളമാണ് പുനസംഘടന വൈകിയത്. ഇനിയും മൂന്നു ജില്ലകളിലെ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിക്കാനുണ്ട്. ഇതിനിടെയാണ് ഗ്രൂപ്പ് പേരു പറഞ്ഞ് ചില നേതാക്കളുടെ സ്വാര്‍ത്ഥ നീക്കമെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.


കഴിഞ്ഞ ദിവസം 197 ബ്ലോക്ക് പ്രസിഡന്റുമാരെയാണ് തീരുമാനിച്ചത്. ഇതില്‍ 127 ഇടങ്ങളില്‍ ഒറ്റപ്പേരായിരുന്നു ഉയര്‍ന്നത്. ബാക്കിയുള്ള 70 ഇടത്തെ പ്രസിഡന്റുമാരെ ചൊല്ലിയാണ് ഗ്രൂപ്പു പേരില്‍ ചില നേതാക്കളുടെ പരിഭവം. ഇനിയും 86 പേരെയാണ് പ്രഖ്യാപിക്കാനുള്ളത്. ഇതിലും തര്‍ക്കം രൂക്ഷമാണ്. നിലവില്‍ ഗ്രൂപ്പ് പോരിനുപോലും സംസ്ഥാനത്തെ കോണ്‍ഗ്രസിന് ശക്തിയില്ല എന്നതാണ് വാസ്തവം.


ഒരു ഗ്രൂപ്പിനും കാര്യമായ ശക്തി കോൺഗ്രസിൽ ഇന്നില്ല. ഉമ്മന്‍ചാണ്ടി പ്രായാധിക്യത്തോടെ മുന്‍ നിരയില്‍ നിന്നും മാറിയതോടെ എ ഗ്രൂപ്പ് പൂര്‍ണമായും ഛിന്നഭിന്നമായി. ഒരു വിഭാഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പവും കുറച്ചു പേര്‍ കെ.സി ജോസഫിനൊപ്പവും വ്യത്യസ്ത ഗ്രൂപ്പായി.

ഷാഫി പറമ്പിലിനൊപ്പം കുറച്ചു യുവാക്കളും എ ഗ്രൂപ്പില്‍ നിന്നും പോയി. അതെല്ലാം കഴിഞ്ഞാൽ എ ഗ്രൂപ്പിലെ ഭൂരിഭാഗവും പിസി വിഷ്ണുനാഥിനൊപ്പമാണ്. ഇങ്ങനെ പല കക്ഷണങ്ങളായി പിരിഞ്ഞ എ ഗ്രൂപ്പിന്റെ പേരിലാണ് ഇപ്പോള്‍ അണികളാരും കൂടെയില്ലാത്ത നേതാവിന്റെ രംഗ പ്രവേശം.

പഴയ എ ഗ്രൂപ്പ് പുനസംഘടിപ്പിച്ച് പുനസംഘടനയെ നേരിടുമെന്നൊക്കെ പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ഈ നേതാവ് അത് നേരിടാന്‍ ഈ പാര്‍ട്ടിക്ക് ത്രാണിയുണ്ടോയെന്ന് ചിന്തിക്കുന്നില്ല.


ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് ഗ്രൂപ്പ് സജീവമാക്കാന്‍ നടക്കുന്നവര്‍ കഴിഞ്ഞ ദിവസം സോളാര്‍ കേസിലെ സി ദിവാകരന്റെ വെളിപ്പെടുത്തലില്‍ ഒരു അന്വേഷണം പോലും ആവശ്യപ്പെട്ടില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.


പുനസംഘടന വൈകിയതിന് പിന്നില്‍ ഗ്രൂപ്പ് പോരും പെട്ടിയെടുപ്പുകാര്‍ക്ക് സ്ഥാനം കിട്ടാതെ പോയതുമാണെന്ന് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ സമ്മതിക്കുന്നു. നേതാക്കളുടെ വ്യക്തി താല്‍പര്യം പാര്‍ട്ടിയെ നശിപ്പിച്ച കാലം മറക്കരുതെന്നും നേതാക്കളെ പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Advertisment