Advertisment

ശമ്പളത്തിനും പെൻഷനും അവശ്യചെലവിനും കൂടി കേരളത്തിന് മാസംതോറും വേണ്ടത് 14000 കോടി. ആകെ വരുമാനം 11100 കോടി മാത്രം. കേന്ദ്രം വായ്പാപരിധി വെട്ടിക്കുറച്ചതോടെ ആ വഴിയും അടഞ്ഞു. ലോകകേരള സഭ പോലുള്ള ധൂർത്തുകൾ നടക്കുമ്പോഴും മുണ്ടുമുറുക്കി ചെലവുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ. പണം ഇല്ലാത്തപ്പോഴും ചെലവ് നടത്തുന്നതാണ് കലയെന്നും ധനവകുപ്പ് ആ വൈഭവം പ്രകടിപ്പിക്കണമെന്നും ബാലഗോപാലിനോട് മുഖ്യമന്ത്രി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ട് ധനവകുപ്പ്

publive-image

Advertisment

തിരുവനന്തപുരം : സംസ്ഥാന സർക്കാർ അതികഠിനമായ സാമ്പത്തിക പ്രതിസന്ധിയിൽ. വായ്പാപരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ശമ്പളവും പെൻഷനും നൽകാനടക്കം 2000 കോടിയിലേറെ വായ്പയെടുത്തായിരുന്നു സർക്കാർ പിടിച്ചു നിന്നിരുന്നത്.

എന്നാൽ കേന്ദ്രത്തിന്റെ കടുംവെട്ട് വന്നതോടെ ഒന്നിനും കഴിയാതായി. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്ന കാരണവരെപ്പോലെയാണ് ധനവകുപ്പ്.


ബില്ലുകളെല്ലാം തടഞ്ഞുവയ്ക്കുന്നെന്ന് വകുപ്പുകൾ ധനവകുപ്പിനെ കുറ്റം പറയുമ്പോഴും അത്യാവശ്യത്തിനു പോലും പണമില്ലാതെ വലയുകയാണ് സർക്കാർ. ലോകകേരള സഭയടക്കമുള്ള ധൂർത്തുകൾ മറുവശത്ത് നടക്കുന്നുമുണ്ട്. ബജറ്റ് വിഹിതം നീക്കിവച്ചതാണ് എന്നാണ് ഈ വിമർശനങ്ങൾക്ക് ധനവകുപ്പിന്റെ മറുപടി.


കേന്ദ്രത്തിന്റെ കടുംവെട്ടോടെ ഇനി എല്ലാമാസവും സംസ്ഥാന ധനവകുപ്പ് പ്രതിസന്ധിയിലാവുമെന്നുറപ്പ്. അത്യാവശ്യത്തിന് കടമെടുക്കാനുള്ള സൗകര്യമാണ് കേന്ദ്രം ഇല്ലാതാക്കിയത്. ഇത് മറികടക്കാൻ ചെലവിൽ പിടിമുറുക്കുകയല്ലാതെ ധനവകുപ്പിന് മറ്റ് പോംവഴികളില്ല.

അങ്ങനെ ബില്ലുകൾ തടഞ്ഞുവയ്ക്കുന്നതാണ് മറ്റ് വകുപ്പുകളുടെ പരാതിക്ക് ഇടയാക്കുന്നത്. ധനപ്രതിസന്ധിക്ക് പരിഹാരം തേടി ഒരാഴ്ചക്കുളളിൽ രണ്ടാംതവണയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അത്യാവശ്യമില്ലാത്ത ചെലവുകൾ നിയന്ത്രിക്കാനാണ് തീരുമാനം.


ശമ്പളവും പെൻഷനും അത്യാവശ്യ ചെലവുകൾക്കുമായി മാസം തോറും 14000 കോടിരൂപ വേണം. നികുതി, നികുതിയേതര വരുമാനമായി 7100കോടിയും കേന്ദ്ര നികുതി വിഹിതമായി 4000 കോടിയും കിട്ടും. പക്ഷേ ഇത്രയും തുക കൃത്യമായി കിട്ടുമെന്ന് പറയാനാവില്ല. ഇതിൽ ഏറ്റക്കുറച്ചിലുണ്ടാവും. ഇതിലെ കുറവ് നികത്താനാണ് സംസ്ഥാനം പ്രധാനമായും എല്ലാമാസവും കടമെടുത്തിരുന്നത്.


വായ്പാപരിധിയിൽ കേന്ദ്രം കൈവച്ചതോടെ സംസ്ഥാനം ദൈനംദിന കാര്യങ്ങൾക്ക് വരെ പ്രയാസപ്പെടുന്ന സ്ഥിതിയിലാണിപ്പോൾ എന്നാണ് ധനവകുപ്പ് പറയുന്നത്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ സർക്കാർ വകുപ്പുകൾ മുണ്ടുമുറുക്കിയുടുക്കണമെന്നാണ് ധാരണയിലെത്തിയത്. അത്യാവശ്യമില്ലാത്ത ചെലവുകൾ ഒഴിവാക്കും. ധനസ്ഥിതി മെച്ചപ്പെടുന്നത് വരെ അൽപം കരുതൽ വേണമെന്നാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു.

എന്നാൽ സാമൂഹ്യക്ഷേമപെൻഷൻ പോലുള്ള ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പണം ഇല്ലാത്തപ്പോൾ ചെലവ് നടത്താനാകുന്നതാണ് കലയെന്നും ധനവകുപ്പ് ആ വൈഭവം പ്രകടിപ്പിക്കണമെന്നുമാണ് ബാലഗോപാലിനോട് മുഖ്യമന്ത്രി പറഞ്ഞത്.

സാമ്പത്തിക പ്രതിസന്ധി ഭരണത്തെ ബാധിക്കാതിരിക്കാൻ വകുപ്പുകൾ ചെലവുകളുടെ മുൻഗണനാക്രമം നിശ്ചയിച്ച് ചീഫ് സെക്രട്ടറി വഴി ധനവകുപ്പിന് നൽകണം. അത്യാവശ്യ ചെലവുകൾക്ക് മുടക്കമില്ലാതെ പണം അനുവദിക്കാനാണ് തീരുമാനം.


വായ്പാപരിധി വെട്ടിക്കുറച്ചതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം ഇതുവരെ മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാമെന്നാണ് തീരുമാനം. കേന്ദ്രം പ്രതികരിക്കാൻ വൈകുന്നതിനാൽ വിശദാംശങ്ങൾ ചോദിച്ചുകൊണ്ട് വീണ്ടും ഒരു കത്തുകൂടി അയക്കും.


പൊതുവായ്പയുടെ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നത് സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്ക് എതിരായും രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയുമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്.

17390 കോടിരൂപയാണ് വായ്പയായി എടുക്കാൻ അനുവദിച്ചിരിക്കുന്നത്. ഏതാണ്ട് അത്രയും തുക വായ്പ പലിശയായി അടക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. ഇതിന് പുറമെ ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതും കമ്മി നികത്തുന്നതിനുള്ള ഗ്രാന്റ് കുറച്ചതും കേരളത്തിന് വെല്ലുവിളിയാണ്.

Advertisment