തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും പ്രതിസന്ധിയും ശക്തമാക്കി നേതാക്കള്‍ രംഗത്തു വരുന്നതിനിടെ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തില്‍. ഗ്രൂപ്പ് കളി നടത്തി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴാണ് കടുത്ത വിമര്‍ശനവുമായി പ്രവര്‍ത്തകര്‍ രംഗത്തു വരുന്നത് എന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രി പദവിയൊഴികെ ഏതാണ്ട് എല്ലാ പാര്‍ലമെന്ററി അവസരങ്ങളും ഒപ്പം പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ പദവിയും വഹിച്ച ഒരു നേതാവിനെതിരെ തന്നെയാണ് കടുത്ത വിമര്‍ശനം.
പണ്ട് വലിയ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തിയ നേതാവ് ഇന്നും അതേ ശക്തി തനിക്കുണ്ടെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്ന ഗ്രൂപ്പ് ഏതാണ്ട് പൂര്‍ണമായും അദ്ദേഹത്തെ കൈവിട്ടു കഴിഞ്ഞു. പുനസംഘടനയെ അനുകൂലിക്കില്ലെന്ന് മൈക്കിനു മുന്നിലെത്തി പറഞ്ഞ നേതാവിനെ രൂക്ഷമായ ഭാഷയിലാണ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്.
ഈ നേതാവിന്റെ കൂടെയുള്ള മറ്റൊരു നേതാവ് ഉറച്ച മണ്ഡലം നല്‍കിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഏതാണ്ട് രാഷ്ട്രീയം വിട്ട മട്ടായിരുന്നു. മറ്റു ഗ്രൂപ്പില്‍ ചേക്കേറാനുള്ള നീക്കം നടത്തിയിട്ടും അതൊന്നും വിജയിക്കാനാവാതെ വന്നതോടെ വീണ്ടും നേതാവിന്റെ വിശ്വസ്തനായി കൂടെ കൂടി. പക്ഷേ കൂടെ ആരും ഇല്ലാതെ വന്നതോടെ ഗ്രൂപ്പ് കളി തന്നെ തുടരുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതോടെ ആ ഗ്രൂപ്പ് പിടിക്കാനുള്ള നീക്കവുമായി രംഗത്തുള്ള മൂന്നു നേതാക്കളാണ് മറ്റു ഗ്രൂപ്പ് കളികാര്‍. ഇവരില്‍ മുതിര്‍ന്ന നേതാവ് എല്ലാ അധികാരത്തിലും ഗ്രൂപ്പിന്റെ മാത്രം പിന്‍ബലത്തില്‍ എത്തിയതാണ്.
ഈ നേതാവ് മത്സരിച്ച് വിജയിച്ച മണ്ഡലങ്ങളില്‍ പിന്നെ രണ്ടു പതിറ്റാണ്ടിലേറെ കോണ്‍ഗ്രസോ ഘടകകക്ഷികളോ മത്സരിച്ച് വിജയിച്ചിട്ടില്ലെന്നു പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ നശിപ്പിച്ചതു പോരാഞ്ഞിട്ട് ഇനിയും പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയില്ലെന്നും ഇവര്‍ പറയുന്നു.
മറ്റൊരു നേതാവ് ദീര്‍ഘകാലം പാര്‍ലമെന്ററി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തവണ മാറി നില്‍ക്കേണ്ടി വന്നതോടെ കടുത്ത നിരാശ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി വിശ്രമത്തിലായതോടെ ഗ്രൂപ്പ് നേതൃത്വം പിടിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്.
എന്നാല്‍ എ ഗ്രൂപ്പ് ഇപ്പോള്‍തന്നെ സജീവമല്ല. പ്രവര്‍ത്തകരും നേതാക്കളും പല ഗ്രൂപ്പുകളായി കഴിഞ്ഞു. അണികളില്ലാത്ത നേതാക്കള്‍ ഗ്രൂപ്പ് നേതാക്കളാകാന്‍ മാത്രമാണ് പുനസംഘടനയെ എതിര്‍ക്കുന്നതെന്നും സാധാരണ പ്രവര്‍ത്തകര്‍ പറയുന്നു. അതിനിടെ ഈ നേതാക്കളുടെ ചില പെട്ടിചുമടുകാരെ ഇപ്പോഴത്തെ പുനസംഘടനയിലും ഉള്‍പ്പെടുത്തിയെന്ന് ആരോപിക്കുന്നവരുണ്ട്.
രണ്ടു ഗ്രൂപ്പുകള്‍ക്കും വേണ്ടതിലധികം വിഹിതം നല്‍കിയാണ് പുനസംഘടന നടത്തിയത്. ഗ്രൂപ്പുകള്‍ക്കും ഗ്രൂപ്പിനകത്തെ നേതാക്കള്‍ക്കും പോലും വിഹിതം നല്‍കി. ഗ്രൂപ്പിലെ രണ്ടാംനിര, മൂന്നാംനിര നേതാക്കള്‍ക്ക് തങ്ങളുടെ ഒരു നോമിനിയെ ബ്ലോക്ക് പ്രസിഡന്‍റാക്കാന്‍ ചരിത്രത്തിലാദ്യമാണ് അവസരം ലഭിച്ചത്.
എല്ലാം പ്രധാന രണ്ടോ മൂന്നോ ഗ്രൂപ്പ് നേതാക്കള്‍ മാത്രം കൈകാര്യം ചെയ്തിരുന്നിടത്താണ് ഇത്രയധികം നേതാക്കള്‍ക്ക് ഇത്തവണ വേണ്ടപ്പെട്ടവരെ നാമനിര്‍ദേശം നല്‍കാന്‍ അവസരം നല്‍കിയത്. എന്നിട്ടും പരാതി തീര്‍ന്നില്ലെന്നതാണ് കൗതുകം. കാലങ്ങളായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മാത്രമായി ബ്ലോക്ക് ഭാരവാഹികളെ തീരുമാനിച്ചിരുന്നിടത്താണ് പുതിയ മാറ്റം. അന്നൊക്കെ കെപിസിസി പ്രസിഡന്‍റിനുപോലും റോളില്ലായിരുന്നു.
പക്ഷേ ഇത്തവണ എയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുതല്‍ പിസി വിഷ്ണുനാഥിനും ഷാഫി പറമ്പിലിനും കെ ബാബുവിനും വരെ വിഹിതം നല്‍കി. ഐയില്‍ ചെന്നിത്തലയ്ക്കു പുറമെ ജോസഫ് വാഴയ്ക്കനും ജ്യോതികുമാര്‍ ചാമക്കാലയ്ക്കും വരെ വിഹിതം നല്‍കി.
ഇനിയും പരാതിയെന്നാല്‍ അത് പാര്‍ട്ടിയെ തീര്‍ക്കുന്നതിനുവേണ്ടിയാണെന്ന ആക്ഷേപമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. ഒട്ടുമിക്ക പെട്ടിയെടുപ്പുകാര്‍ക്കും അവസരം നല്‍കിയിട്ടും അവസാനത്തെ ഒരാള്‍ക്കു നല്‍കിയില്ലെന്ന നിലയിലാണ് പരാതികളധികവും. അത് ഭാവിയിലേയ്ക്കുള്ള പുനസംഘടനയും സീറ്റ് വിഭജനവും മുന്നില്‍ കണ്ടാണെന്ന് വ്യക്തം.