തിരുവനന്തപുരം: കോണ്‍ഗ്രസിന്‍റെയും സംസ്ഥാനത്തെ ഏറ്റവും പ്രധാന പദവികള്‍ വഹിക്കുന്ന 2 നേതാക്കള്‍ക്കെതിരെ അടുത്തടുത്ത ദിവസങ്ങളില്‍ കേസെടുത്ത നടപടി രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി യുഡിഎഫും കോണ്‍ഗ്രസും.
അതേസമയം കേസെടുക്കല്‍ നടപടികള്‍ ഒരു തമാശയായി മാറുകയാണെന്ന വിമര്‍ശനം ഇടതുമുന്നണിയിലും ഉയര്‍ന്നു കഴിഞ്ഞു.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാന്‍ വിദേശ മലയാളികളുടെ സഹായത്തോടെ ഫണ്ട് ശേഖരണം നടത്തി 210 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കഴിഞ്ഞ ആഴ്ച അവസാനം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സര്‍ക്കാര്‍ ഫണ്ട് വിനിയോഗമോ സര്‍ക്കാര്‍ പദവി ദുരുപയോഗം പോലുമോ ഇല്ലാത്ത സംഭവത്തില്‍ വിജിലന്‍സിനെന്ത് കാര്യം എന്നത് വേറെ ചോദ്യമാണ്. മുമ്പ് പോലീസും സിബിഐയും പോലും തള്ളിക്കളഞ്ഞ ആരോപണത്തിലാണ് ഇപ്പോള്‍ വിജിലന്‍സിനെക്കൊണ്ട് കേസെടുപ്പിച്ചിരിക്കുന്നത്. "കേസെടുത്തെന്ന് കേട്ടപ്പോള്‍ ഞാനങ്ങ് പേടിച്ചുപോയെന്ന്" മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു സതീശന്‍റെ പരിഹാസം.
കേസിനേക്കാള്‍ ജനം ശ്രദ്ധിച്ചത് പ്രതിപക്ഷ നേതാവിന്‍റെ മറുപടിയായി മാറി. അതോടെ ആ കേസിന്‍റെ കാര്യത്തില്‍ ഭാവി എന്താകുമെന്നുറപ്പായി.
തൊട്ടുപിന്നാലെയാണ് 'തള്ള് വീരനായിരുന്ന' ജോണ്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. അതും തട്ടിപ്പുകേസില്‍ ജോണ്‍സണ്‍ ഒന്നാം പ്രതിയാണെങ്കില്‍ സുധാകരന്‍ രണ്ടാം പ്രതിയാണത്രെ. അതും ജനം വിശ്വസിച്ചുപോകും !
തട്ടിപ്പുകാരി വിദ്യ 'ടീച്ചറുടെ' കാര്യത്തില്‍ സംഭവം പുറത്തായിട്ടും പ്രതി ആവിയായതുപോലാണ്. അര്‍ഷോയുടെ എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സംഭവത്തിലിപ്പോള്‍ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയാണ് പ്രതി.
മൊത്തത്തില്‍ കേസുകളെല്ലാം മാസാവുകയാണ്. ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനത്തേക്കാള്‍ ഉയരുന്നത് പരിഹാസമാണ്.
സ്വന്തം തട്ടകത്തിലെ തര്‍ക്കങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസുകാര്‍ക്ക് വീണുകിട്ടിയ അവസരമാണ് രണ്ടു കേസുകളും. മുമ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതിന്‍റെ വിശേഷങ്ങളാണ് മുന്‍ ഇടതു മന്ത്രിയായിരുന്ന മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
സര്‍ക്കാരിന്‍റെ 8 കോടി തിന്നുമുടിച്ച ഒരു കമ്മീഷന്‍ എഴുതിപ്പിടിപ്പിച്ചതൊക്കെ തോന്ന്യാസങ്ങളായിരുന്നെന്ന് സിപിഐ നേതാവിനു വരെ തുറന്നു പറയേണ്ടി വന്നു. ഒടുവില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വന്ന കേസുകള്‍ കോടതിയും പൊക്കം വിട്ടു.
കേസുകെട്ടുകളുടെ ഈ കോമാളിത്തരങ്ങള്‍ തുറന്നു കാട്ടാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ അതിന്‍റെ കര്‍മപരിപാടികള്‍ കോണ്‍ഗ്രസ് പുറത്തുവിടും.