പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് മുമ്പ് ശക്തനായ യുഡിഎഫ് കണ്‍വീനര്‍ വേണം ? മുരളീധരനെയോ തിരുവഞ്ചൂരിനെയോ കണ്‍വീനറാക്കണം. പാര്‍ട്ടിയും മുന്നണിയും തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ ഗ്രൂപ്പുകളിക്കിറങ്ങിയ എംഎം ഹസനെ ഇനി വേണ്ട. ഹൈക്കമാന്‍റിനെ സമീപിക്കാനൊരുങ്ങി ഒരു വിഭാഗം. പുതിയ നീക്കത്തെ പിന്തുണച്ച് ലീഗും !

New Update

publive-image

Advertisment

തിരുവനന്തപുരം: ജനപ്രീതിയില്ലാതെ ഗ്രൂപ്പ് പരിഗണന ഒന്നുകൊണ്ടു മാത്രം യുഡിഎഫ് കണ്‍വീനര്‍ പദവിയിലെത്തിയ എംഎം ഹസനെ പദവിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമായി. എംഎം ഹസന്‍ പരസ്യമായ ഗ്രൂപ്പ് - വിഭാഗീയ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് അദ്ദേഹത്തിനെതിരായ നീക്കം.


കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെടെ കെപിസിസി ഭാരവാഹികള്‍ എഐസിസിക്കു മുമ്പില്‍ ഈ ആവശ്യം ഉന്നയിക്കാനൊരുങ്ങുകയാണ്.


'എ' ഗ്രൂപ്പ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അനാരോഗ്യത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ വിശ്രമിക്കുന്ന സാഹചര്യത്തില്‍ ഗ്രൂപ്പ് മുതലാളിമാരാകാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നവരാണ് ബെന്നി ബഹനാന്‍, എംഎം ഹസന്‍ തുടങ്ങിയവര്‍. പാര്‍ട്ടിയിലോ പുറത്തോ സ്വന്തമായി ആള്‍ബലമില്ലാത്തവരാണ് ഇപ്പോള്‍ 'എ' ഗ്രൂപ്പ് പുനസൃഷ്ടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഗ്രൂപ്പിന്‍റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്ത് 'ഗ്രൂപ്പ് നേതാക്കളായി' വളരുകയാണ് ഇവരുടെ ലക്ഷ്യം. ഫലത്തില്‍ അവശിഷ്ട 'എ' കാര്‍ ചേര്‍ന്ന വിഭാഗം 'ബെന്നി ഗ്രൂപ്പ്' മാത്രമാണ്.

അത്തരം ജനപിന്തുണയില്ലാത്ത നേതാക്കളെ മാറ്റിനിര്‍ത്തി യുഡിഎഫ് നേതൃത്വം ശക്തിപ്പെടുത്തണമെന്ന ആവശ്യമാണ് ഗ്രൂപ്പിനതീതമായി ഒരു വിഭാഗം ഹൈക്കമാന്‍റിനു മുന്നില്‍ വയ്ക്കാന്‍ ആലോചിക്കുന്നത്.


ഹസന് പകരം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നീ പേരുകളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.


പാര്‍ട്ടി പ്രവര്‍ത്തകരിലും പൊതു സമൂഹത്തിലുമുള്ള സ്വീകാര്യതയാണ് മാനദണ്ഡമെങ്കില്‍ കെ മുരളീധരനെ കണ്‍വീനര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നതാണ് ഇവരുടെ ആവശ്യം. എന്നാല്‍ മുന്‍ കെപിസിസി അധ്യക്ഷനായ മുരളീധരന്‍ വിഡി സതീശന് കീഴില്‍ കണ്‍വീനറായിരിക്കാന്‍ തയ്യാറാകുമോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍ പാര്‍ട്ടി നന്മയ്ക്കുവേണ്ടി അദ്ദേഹം അത് സ്വീകരിച്ചേക്കാം. മുസ്ലിം ലീഗ് മുന്നോട്ടു വയ്ക്കുന്ന പ്രധാന പേരും മുരളിയുടേതാണ്.

അതേസമയം പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും 'എ' ഇതര ഗ്രൂപ്പുകാരെന്നതിനാല്‍ 'എ' ഗ്രൂപ്പ് പരിഗണനയാണ് കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് മാനദണ്ഡ‍മാക്കുന്നതെങ്കില്‍ 'എ' ഗ്രൂപ്പുകാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരിഗണിക്കണമെന്നതാണാവശ്യം. തീവ്ര ഗ്രൂപ്പുകാരനല്ലാത്ത തിരുവഞ്ചൂര്‍ ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തതിനാല്‍ തന്നെ പൊതു സ്വീകാര്യനാണ്.


കണ്‍വീനര്‍ എന്ന നിലയില്‍ എംഎം ഹസന്‍റെ വാക്കുകള്‍ക്ക് വാര്‍ത്താ പ്രാധാന്യമോ പൊതു സ്വീകാര്യതയോ വേണ്ടത്രയില്ലെന്നതാണ് വിലയിരുത്തല്‍. തകര്‍ന്നു നില്ക്കുന്ന യുഡിഎഫിന് ഈ സാഹചര്യത്തില്‍ അത്തരം നേതൃത്വവുമായി മുന്നോട്ടുപോകാനാകില്ല.


അതിനാല്‍ തന്നെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് മുമ്പ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ശക്തനായ നേതാവിനെ കൊണ്ടുവരണമെന്നതാണ് ആവശ്യം. ഹസനെ നീക്കംചെയ്യുന്നതിലൂടെ ഗ്രൂപ്പ് നീക്കങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.

Advertisment