തിരുവനന്തപുരം : സ്ഥാനാർഥി തീരുമാനത്തിനുശേഷവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കുന്നതില്‍ എ ഗ്രൂപ്പില്‍ പൊരിഞ്ഞ തർക്കം.
ഗ്രൂപ്പിനുള്ളില്‍ നിന്നുകൊണ്ട് മറുകണ്ടം ചാടി വിജയിക്കാനുള്ള ശ്രമം ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആശയക്കുഴപ്പം ശക്തമായത്. ഇതോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസവും തർക്കം തുടരുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസില്‍ എ ഗ്രൂപ്പിന് മേധാവിത്വമുണ്ട്. അതുകൊണ്ടുതന്നെ ഒറ്റപ്പേരിലേക്ക് സ്ഥാനാര്‍ത്ഥി എത്തിയാല്‍ വിജയം ഉറപ്പാണ്. ഇതുകണ്ടാണ് ഗ്രൂപ്പു മാനേജര്‍മാര്‍ രാഹുല്‍ മാങ്കൂട്ടത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ അതംഗീകരിക്കാന്‍ തയ്യാറല്ലെന്നാണ് ഗ്രൂപ്പിലെ പല നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ നിലവിലെ സംസ്ഥാന പ്രസിഡന്റിനൊപ്പം മറ്റൊരു പ്രബല വിഭാഗത്തിന്റെ പിന്തുണ രാഹുല്‍ മാങ്കൂട്ടം തേടിയെന്നാണ് എ ഗ്രൂപ്പിലെ ചില നേതാക്കള്‍ പറയുന്നത്.
എതിര്‍ വിഭാഗത്തിന്റെ പിന്തുണ തേടിയ ഇദ്ദേഹം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഗ്രൂപ്പ് വിടുമോയെന്നും നേതാക്കള്‍ ചോദിക്കുന്നു. ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനമാനങ്ങള്‍ നേടിയ ശേഷം പലരും മറു വിഭാഗത്തില്‍ ചേക്കേറിയത് ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും എതിര്‍പ്പ്. യൂത്ത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ഇപ്പോള്‍ തന്നെ മറുചേരിയിലാണെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.
മുന്‍ അനുഭവത്തില്‍ നിന്നും പാഠം പഠിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. നേരത്തെ തിരുവനന്തപുരത്തുനിന്നുള്ള ജെ എസ് അഖിലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടി അടക്കം നിർദേശിച്ചിരുന്നത്.
കെ എസ് യു, എൻ എസ് യു അധ്യക്ഷ പദവികളിൽ നിന്നും മുൻപ് തഴയപ്പെട്ടതോടെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് അഖിലിനെ പരിഗണിക്കണമെന്നാണ് എ ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്.
മികച്ച സംഘാടകനും നേതൃപാടവുമൊക്കെയുള്ള അഖിലിനെ ഒഴിവാക്കുന്നതില്‍ കടുത്ത എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്. അഖില്‍ അല്ലെങ്കില്‍ കെ എസ് യു മുന്‍ അധ്യക്ഷന്‍ കെ എം അഭിജിത്തും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവരയൊക്കെ കടത്തിവെട്ടിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്നോട്ടുവച്ചത്.
ഇത് അംഗീകരിക്കില്ലെന്നു വ്യക്തമാക്കി ഒരു വിഭാഗം നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരം കടുത്തതായാൽ അത് രാഹുലിൻ്റെ ജയസാധ്യതയെ തന്നെ ബാധിച്ചേക്കും. ചാനൽ ചർച്ചകളിലെ കസർത്തുകൾക്കപ്പുറം പ്രവർത്തകരുമായി ബന്ധമില്ലെന്ന ആരോപണമാണ് രാഹുൽ പ്രധാനമായും നേരിടുന്നത്.