തിരുവനന്തപുരം: അധികാരമില്ലാതെ പ്രതിപക്ഷത്തിരിക്കുന്ന യുവജന സംഘടനയ്ക്ക് ചാനലുകളുടെ എസി മുറിയിലിരിക്കുന്ന നേതാവല്ല, മറിച്ച് പ്രവര്‍ത്തകര്‍ക്ക് ഒപ്പം തെരുവില്‍ നില്‍ക്കുന്ന നേതൃത്വമാണ് വേണ്ടെതെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്ത്. സംഘടനയുടെ ചടുലമായ ചലനത്തിന് ചാനല്‍ ചര്‍ച്ച പരിഹാരമല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്രവര്‍ത്തകരുടെ വികാര പ്രകടനം.
കഴിഞ്ഞ ഏഴു വര്‍ഷമായി യൂത്ത്‌കോണ്‍ഗ്രസ് പ്രതിപക്ഷത്താണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളില്‍ പ്രതിപക്ഷത്തിന്റെ മുഖ്യപങ്ക് വഹിക്കുന്നത് യൂത്ത് കോണ്‍ഗ്രസാണ്. എന്നാല്‍ പുതിയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചിലര്‍ക്ക് പ്രവര്‍ത്തകരുമായി ബന്ധമില്ലെന്നാണ് പുതിയ ആക്ഷേപം. പ്രവര്‍ത്തകര്‍ തെരുവില്‍ തല്ലുകൊള്ളുകയും ജയിലില്‍ കിടക്കുകയും ചെയ്തപ്പോള്‍ വിദേശത്ത് അടിച്ചുപൊളിക്കാന്‍ വണ്ടികയറിയ നേതാക്കളെക്കൊണ്ട് സംഘടന ചലിപ്പിക്കാനാകില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ പ്രധാന വിമര്‍ശനം.
കഴിഞ്ഞ നാളുകളില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായിരിക്കെ പ്രവര്‍ത്തകരുമായി ബന്ധമുണ്ടാക്കാത്ത ചിലര്‍ ഗ്രൂപ്പിന്റെ ബലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താന്‍ ശ്രമം നടത്തുന്നുവെന്നും വിമര്‍ശനം ഉണ്ട്. ഏതെങ്കിലും പരിപാടിക്ക് മണ്ഡലത്തിലോ മറ്റോ എത്തിയാല്‍ പ്രാദേശിക നേതാക്കളെയടക്കം കാണാനോ, ഇടപെടാനോ തയ്യാറാകാത്ത നേതാവാണ് ഇപ്പോള്‍ അധ്യക്ഷ പദവിയിലേക്ക് കണ്ണുവച്ചിട്ടുള്ളത്.
താന്‍ പ്രതിനിധീകരിക്കുന്ന ജില്ലയില്‍ പോലും അംഗീകാരമില്ലാത്ത നേതാവിനെ എങ്ങനെ സംസ്ഥാന നേതൃത്വം ഏല്‍പ്പിക്കാനാകുമെന്നും പ്രവര്‍ത്തകര്‍ ചോദ്യമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലെ പരിപാടികളില്‍ തലകാണിച്ചു മടങ്ങുന്ന നേതാവിനെ പലപ്പോഴും പ്രവര്‍ത്തകര്‍ കണ്ടിരുന്നത് ചാനല്‍ ചര്‍ച്ചകളില്‍ മാത്രമാണ്.
ഫാസിസത്തിനെതിരായ പോരാട്ടം ഗ്രൗണ്ടില്‍ നടത്തിയ നേതാക്കള്‍ ഉള്ളപ്പോഴാണ് ചാനല്‍ ചര്‍ച്ചകളില്‍ ആഞ്ഞടിച്ച നേതാവിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്ന പരിഹാസവും ഉയരുന്നുണ്ട്. സംഘാടന മികവിനപ്പുറം ഡിബേറ്റിലെ വാക്‌പോരാണ് നേതൃപദവിക്ക് അര്‍ഹതയെങ്കില്‍ അത് ശരിയല്ലെന്നും നേതാക്കള്‍ പറയുന്നുണ്ട്.
നേതൃപാടവമുള്ള നേതാക്കളെ ഗ്രൂപ്പ് മാനേജര്‍മാരെ കൂട്ടുപിടിച്ച് ഒതുക്കി നേതാവാകാന്‍ നടത്തുന്ന നീക്കങ്ങള്‍ പൊളിക്കാന്‍ ഗ്രൂപ്പിനുള്ളില്‍ തന്നെ ശ്രമം തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് നേതൃത്വം ഇക്കാര്യം ബോധ്യപ്പെട്ട് ഉചിതമായ തീരുമാനം എടുക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.